Breaking News

കേന്ദ്ര ബജറ്റ്; എന്താണ് അപൂര്‍വ്വ ധാതു ഇടനാഴി? കേരളത്തിന് എന്ത് ലഭിക്കും?

Spread the love

ഭാവിയിലെ വ്യവസായ ലോകം അടക്കിഭരിക്കാന്‍ പോകുന്ന ‘അപൂര്‍വ്വ ധാതുക്കളുടെ’ ആഗോള കേന്ദ്രമായി മാറാന്‍ ഇന്ത്യ ഒരുങ്ങുന്നു. കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളെ കോര്‍ത്തിണക്കി പ്രത്യേക ‘അപൂര്‍വ്വ ധാതു ഇടനാഴികള്‍’ സ്ഥാപിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, പ്രതിരോധ ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തില്‍ നിര്‍ണ്ണായകമായ ഈ ധാതുക്കളുടെ കാര്യത്തില്‍ ചൈനയ്ക്കുള്ള ആധിപത്യം തകര്‍ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

എന്താണ് അപൂര്‍വ്വ ധാതു ഇടനാഴി? കേരളത്തിന് എന്ത് ലഭിക്കും?

കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് ഈ പ്രത്യേക ഇടനാഴികള്‍ വരുന്നത്. ഈ സംസ്ഥാനങ്ങളിലെ തീരദേശങ്ങളിലും ഖനന മേഖലകളിലും ഒളിഞ്ഞിരിക്കുന്ന വിലപിടിപ്പുള്ള ധാതുക്കളെ വേര്‍തിരിച്ചെടുക്കാനും സംസ്‌കരിക്കാനുമുള്ള വലിയൊരു ശൃംഖലയാണിത്.സംയോജിത സംവിധാനം: ഖനനം മാത്രമല്ല, ഈ ധാതുക്കള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, ഗവേഷണം, വിപണനം എന്നിവയെല്ലാം ഒരേ കുടക്കീഴില്‍ കൊണ്ടുവരും.

കേരളത്തിന്റെ പങ്ക്: കേരളത്തിലെ തീരദേശ മണലില്‍ ധാരാളമായി കാണപ്പെടുന്ന ലന്താനം, സീറിയം തുടങ്ങിയ ധാതുക്കളാണ് പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്താന്‍ കാരണം.

എന്താണ് ഈ ‘അപൂര്‍വ്വ ധാതുക്കള്‍’?പേര് സൂചിപ്പിക്കുന്നത് പോലെ ഇവ അത്ര അപൂര്‍വ്വമൊന്നുമല്ലെങ്കിലും, മണ്ണില്‍ നിന്ന് ഇവ വേര്‍തിരിച്ചെടുക്കുന്നത് അതീവ സങ്കീര്‍ണ്ണവും സാങ്കേതികമായി വെല്ലുവിളി നിറഞ്ഞതുമാണ്. 17 തരം ലോഹങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ഇലക്ട്രിക് കാറുകളിലെ മോട്ടോറുകള്‍, കാറ്റാടി യന്ത്രങ്ങള്‍, ചിപ്പുകള്‍, അത്യാധുനിക മിസൈലുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇവ വേണം. കാന്തികശക്തിയും ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷിയുമാണ് ഇവയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

ലക്ഷ്യം ചൈനീസ് വിപണി

നിലവില്‍ ലോകത്തെ അപൂര്‍വ്വ ധാതു ഖനനത്തിന്റെ 60 ശതമാനവും സംസ്‌കരണത്തിന്റെ 90 ശതമാനവും ചൈനയുടെ കൈപ്പിടിയിലാണ്. ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ കാര്യത്തില്‍ ചൈനയെയാണ് ആശ്രയിക്കുന്നത്. ഇടയ്ക്കിടെ ചൈന ഏര്‍പ്പെടുത്തുന്ന കയറ്റുമതി നിയന്ത്രണങ്ങള്‍ ആഗോള വിപണിയെ ബാധിക്കാറുണ്ട്. ഇതിന് തടയിടാനാണ് സ്വന്തമായി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

കോടികളുടെ നിക്ഷേപം ധാതുക്കള്‍ ഉപയോഗിച്ചുള്ള സ്ഥിര കാന്തങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 7,280 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന് പുറമെ സെമികണ്ടക്ടര്‍ മേഖലയ്ക്കായി 40,000 കോടി രൂപയും ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് മറ്റൊരു 40,000 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.

ഓഹരി വിപണിയില്‍ ചലനം

ബജറ്റ് ദിനത്തില്‍ വിപണിയില്‍ പൊതുവെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ധാതു ഖനന മേഖലയിലെ കമ്പനികള്‍ക്ക് നേട്ടമുണ്ടായി. ഗുജറാത്ത് മിനറല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ , ഒഡീഷ മിനറല്‍സ് എന്നിവയുടെ ഓഹരി വില 7 ശതമാനം വരെ ഉയര്‍ന്നു. എന്‍.എം.ഡി.സി ഓഹരികളും നേട്ടമുണ്ടാക്കി

You cannot copy content of this page