ക്ഷേത്രസ്വത്തിന് കോടതിയുടെ കാവൽ; അഴിമതി തടയാൻ ഇടപാടുകൾ ഡിജിറ്റൈസ് ചെയ്യണമെന്ന് ദേവസ്വം ബെഞ്ച്

Spread the love

കൊച്ചി: ശബരിമല അടക്കമുള്ള 1450 ക്ഷേത്രങ്ങളിലെ ക്രമക്കേടും അഴിമതിയും തടയാൻ നേരിട്ട് ഇടപെട്ട് ഹൈക്കോടതി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഫണ്ട് അക്കൗണ്ടുകൾ ഡിജിറ്റൈസ് ചെയ്യാൻ കോടതി നി‍ർദേശിച്ചു.

ഡിജിറ്റലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾക്ക് കേരള ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ (KITFRA) ചുമതലപ്പെടുത്തി. ഡിജിറ്റൈസ് ചെയ്യുന്ന നടപടി എത്ര സമയംകൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന് കോടതിയെ അറിയിക്കണം. ക്ഷേത്രങ്ങളിലെ അഴിമതിയും ക്രമക്കേടും പൂർണമായും ഇല്ലാതാക്കണമെന്നും കോടതി പറഞ്ഞു.

സംസ്ഥാന സർക്കാർ സ്ഥാപനമായ കിറ്റ്ഫ്ര, കെ-സ്മാർട് തുടങ്ങിയവയ്ക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ കോടതി നേരിട്ട് വിളിച്ചുവരുത്തിയിരുന്നു. ക്ഷേത്രങ്ങളിലെ ക്രമക്കേടുകൾ തടയാനായി ഡിജിറ്റൈസേഷൻ എങ്ങനെ നടപ്പിലാക്കാമെന്ന് ഉദ്യോഗസ്ഥരോട് ഹൈക്കോടതി ദേവസ്വം ബെഞ്ച് ആരാഞ്ഞു.

അടുത്ത ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തിനു മുമ്പ് ശബരിമലയിലെ മുഴുവൻ അക്കൗണ്ടുകളും ഡിജിറ്റൈസ് ചെയ്യാനാണ് കോടതി ഉദ്ദേശിക്കുന്നത്. ഡിജിറ്റൈസേഷൻ പൂർത്തികരിക്കുന്നതിനേക്കുറിച്ചും സമയക്രമം സംബന്ധിച്ചും അടുത്ത ആഴ്ച കിറ്റ്ഫ്ര ഉദ്യോഗസ്ഥ‍ർ കോടതിയിൽ വിവരം നൽകണം.

You cannot copy content of this page