Breaking News

പാലാ യുഡിഎഫിൽ തുടക്കത്തിലെ കല്ലുകടി ; ദിയ പുളിക്ക കണ്ടത്തിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിച്ച് പാലായിലെ കോൺഗ്രസ് നേതൃത്വം.മാണി സി കാപ്പനും, ഫ്രാൻസീസ് ജോർജ് എംപി യും ചേർന്ന് നടത്തിയ പാർട്ടിയെ അപമാനിക്കുന്നു എന്ന് ആരോപണം

Spread the love

പാലാ:യുഡിഎഫ് പിന്തുണയോടെ പാലാ നഗരസഭയുടെ ചെയർപേഴ്സണായി ദിയ ബിനു പുളിക്കക്കണ്ടം സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ യുഡിഎഫിൽ കല്ലുകടി പ്രകടമായിരുന്നു.പാലായിൽ യുഡിഎഫ് എന്നാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മാണി സി കാപ്പനും മാത്രമാണ് എന്ന് തോന്നിപ്പിക്കുന്നതായിരുന്നു സത്യപ്രതിജ്ഞാദിനത്തിലെ ദൃശ്യങ്ങൾ. 6 കൗൺസിലർമാരുള്ള കോൺഗ്രസിന്റെ പ്രാദേശിക നേതൃത്വം പൂർണ്ണമായി തന്നെ ചടങ്ങ് ബഹിഷ്കരിച്ചിരിക്കുകയായിരുന്നു.പ്രാദേശിക കോൺഗ്രസ് നേതൃത്വത്തെ പാടെ ഒഴിവാക്കി ഡിസിസിയും മാണി സി കാപ്പനും ഫ്രാൻസിസ് ജോർജും ചേർന്നെടുത്ത തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതായിരുന്നു രണ്ടുദിവസമായി നടന്നു വന്നുകൊണ്ടിരുന്നത്.ഇതിനിടെ പ്രതിഷേധവുമായി കോൺഗ്രസ് കൗൺസിലർമാർ ഡിസിസിയെ സമീപിക്കുകയും തങ്ങൾക്ക് പിന്തുണ കൊടുക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്തിരുന്നെങ്കിലും നേതൃത്വം പറയുന്നത് അനുസരിക്കാൻ അവരെ നിർബന്ധിക്കുകയായിരുന്നു.തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും ഒരിടത്ത് പോലും തങ്ങൾ യുഡിഎഫിന് പിന്തുണ കൊടുക്കുന്നു എന്ന് ബിനു പുളിക്കകണ്ടം പറഞ്ഞിട്ടില്ല.തങ്ങൾ ആരുടെ കയ്യിൽ നിന്ന് പിന്തുണ സ്വീകരിക്കണമെന്ന ചർച്ച മാത്രമാണ് അവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്.
പാലാ നിയോജക മണ്ഡലം യുഡിഎഫ് ചെയർമാനും കോൺഗ്രസ് നേതാവുമായ പ്രൊഫ.സതീഷ് ചൊള്ളാനി ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എൻ സുരേഷ്,തെരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസിൻറെ പാലായിലെ ഏക പ്രതികരണ മുഖമായിരുന്ന അഡ്വ. സന്തോഷ് മണർകാട്,കോൺഗ്രസ് നേതാവ് സാബു എബ്രഹാം തുടങ്ങി കോൺഗ്രസിന്റെ പ്രാദേശിക നേതൃനിരയിലെ ആരും സത്യപ്രതിജ്ഞാ വേളയിൽ സന്നിഹിതരായിരുന്നില്ല. മണ്ഡലം പ്രസിഡണ്ട് നഗരസഭ കെട്ടിടത്തിൽ ഉണ്ടായിരുന്നുവെങ്കിലും സത്യപ്രതിജ്ഞ നടക്കുന്ന ഹാളിൽ ഉണ്ടായിരുന്നില്ല.കൗൺസിൽ ഹാളിൽ നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പ് നടന്ന യുടൻതന്നെ ഒരു ജോസഫ് ഗ്രൂപ്പ് നേതാവ് പുറത്തുനിന്ന് ആവേശത്തോടെ യുഡിഎഫ് സിന്ദാബാദ് എന്ന് ഉച്ചത്തിൽ രണ്ടുമൂന്നു തവണ മുദ്രാവാക്യം വിളിച്ചെങ്കിലും ഏറ്റു വിളിക്കാൻ ഒരു കുഞ്ഞു പോലും ഉണ്ടായിരുന്നില്ല. തങ്ങൾ അപമാനിക്കപ്പെടുകയാണ് എന്ന് തന്നെയാണ് ഇപ്പോഴും കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്.യുഡിഎഫ് ഭരണം നേടിയെടുത്തു എന്ന് വീമ്പ് പറയുന്നെങ്കിലും മുനിസിപ്പൽ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങൾ ഒന്നും തന്നെ കോൺഗ്രസിന് ഇല്ല.വൈസ് ചെയർമാന് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ്റെ ചുമതലയുള്ളതുകൊണ്ട് അതു മായാ രാഹുൽ തന്നെ വഹിക്കും.പിന്നീട് ആകെയുള്ളത് 3 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ മാത്രമാണ്.നഗരസഭയിലെ ഏറ്റവും വലിയ കക്ഷി എന്ന നിലയിൽ അതിൽ രണ്ടെണ്ണമെങ്കിലും കേരള കോൺഗ്രസ് (എം)ന് ലഭിക്കാനുള്ളതാണ്.പിന്നീടുള്ള മൂന്ന് സ്ഥാനങ്ങളിൽ ജോസഫ് ഗ്രൂപ്പിനും മാണി സി കാപ്പന്റെ പാർട്ടിക്കും വീതം നൽകി കഴിഞ്ഞാൽ അവശേഷിക്കുന്നത് ഒരു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം മാത്രമാണ്. മാണി സി കാപ്പന്റെ കെ ഡി പി ദയ തോന്നി അത് വേണ്ടെന്ന് വെച്ചാലും ആകെ ലഭിക്കുക രണ്ട് സ്ഥാനങ്ങൾ മാത്രം.ഇത്രത്തോളം അധ:പതിച്ച് എന്തിന് ഈ പ്രഹസനത്തിന് കൂട്ടുനിൽക്കുന്നു എന്നുള്ളതാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും വികാരം.നിയമസഭാ തിരഞ്ഞെടുപ്പടുക്കുന്ന വേളയിൽ മാണി സീ കാപ്പന് വോട്ട് പിടിക്കാനുള്ള കൂലിപ്പടയാളികളായിട്ടാണോ തങ്ങളെ കോൺഗ്രസിന്റെ ജില്ലാ – സംസ്ഥാന നേതൃത്വം കാണുന്നതെന്നാണ് അവരുടെ ചോദ്യം.

You cannot copy content of this page