വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; റാം നാരായണനെ ക്രൂരമായി മർദ്ദിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

Spread the love

പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി രാംനാരായൺ ഭാഗേലിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണിന്റെ മുതുകിലും മുഖത്തും ചവിട്ടിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം അടിയന്തര നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് മൃതദേഹം ഏറ്റെടുക്കാൻ കുടുംബാംഗങ്ങൾ തയ്യാറായിട്ടില്ല. അടിയന്തര നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് ബന്ധുക്കൾ. റവന്യൂമന്ത്രി കെ രാജനുമായി ഇന്ന് ചർച്ച നടത്തും. മന്ത്രി നേരിട്ട് ചർച്ച നടത്താമെന്ന ഉറപ്പിന്മേൽ ഇന്നലെ മോർച്ചറിക്ക് മുന്നിൽ നടത്തിവന്നിരുന്ന പ്രതിഷേധം അവസാനിപ്പിച്ചിരുന്നു.

റാം നാരായണ്‍ ബഗേലിന്റെ കുടുംബത്തിന് 10 ലക്ഷത്തില്‍ കുറയാത്ത നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നല്‍കിയിരുന്നു. പാലക്കാട് ആര്‍ ഡി ഓ കുടുംബവുമായി നടത്തിയ ചര്‍ച്ചയിലെ ഈ ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് മോര്‍ച്ചറിയിലെ പ്രതിഷേധങ്ങള്‍ അവസാനിച്ചത്. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കുടുംബത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചതായും പാലക്കാട് ജില്ലാ ഭരണകൂടം വാര്‍ത്താ കുറിപ്പായി പുറത്തിറക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതും ജില്ലാ ഭരണകൂടം അംഗീകരിച്ചു. ഉറപ്പ് ലഭിച്ച് കഴിഞ്ഞാല്‍ മൃതദേഹം ഏറ്റെടുക്കാമെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.

റാം നാരായണ്‍ ബഗേലിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. കുടുംബവും ഇവിടെ തുടരുന്നുണ്ട്. അതേസമയം ആള്‍ക്കൂട്ടക്കൊലയിലെ അന്വേഷണത്തില്‍ കോണ്‍ഗ്രസ് ആരോപണവുമായി രംഗത്തെത്തി. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം അറിയുന്നതുകൊണ്ടാണ് പൊലീസ് അഞ്ചുപേരെ മാത്രം പിടിച്ചത്. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ല. പ്രതികള്‍ക്ക് രക്ഷപെട്ടുപോകാനുള്ള സമയം പൊലീസ് കൊടുത്തുവെന്നും ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കുറ്റപ്പെടുത്തി.വാളയാര്‍ അട്ടപ്പളത്താണ് ആള്‍ക്കൂട്ട മര്‍ദനം നടന്നത്. മോഷ്ടാവെന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായണനെ മര്‍ദിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നുമണിക്കാണ് സംഭവം. കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടിയാണ് ഛത്തീസ്ഗഡ് സ്വദേശിയായ റാം നാരായണന്‍ ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്.

You cannot copy content of this page