Breaking News

അര്‍ജന്റീനയെ തോല്‍പ്പിച്ച് ശ്രീജേഷിന്റെ ഇന്ത്യ; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ വെങ്കലമെഡല്‍

Spread the love

ജൂനിയര്‍ ഹോക്കി ലോക കപ്പില്‍ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ (ലൂസേഴ്‌സ് ഫൈനല്‍) ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പ്പിച്ചു. മലയാളിതാരം പിആര്‍ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് നാല് ഗോളുകള്‍ തിരിച്ചടിച്ചത്. ചെന്നൈ എഗ് മോറിലെ മേയര്‍ രാധാകൃഷ്ണന്‍ ഹോക്കി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ 49-ാം മിനുട്ടില്‍ അങ്കിത് പാല്‍, 52-ാം മിനുട്ടില്‍ മന്‍മീത് സിംഗ്, 57-ാം മിനിറ്റില്‍ ശാരദ നന്ദ് തിവാരി, 58-ാം മിനിറ്റില്‍ അന്‍മോള്‍ എക്ക എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്. 2001-ലും 2016 ലും ചാമ്പ്യന്‍മാരായ ഇന്ത്യ ഒന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജൂനിയര്‍ ലോക കപ്പില്‍ മെഡല്‍ നേടുന്നത്. ജൂനിയര്‍ ഹോക്കി ലോക കപ്പിലെ മെഡല്‍ നേട്ടം യുവതാരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും രണ്ട് ഗോളിന് പിന്നിലായ ശേഷം നേടിയ വിജയം തീര്‍ത്തും ആവേശകരമായിരുന്നുവെന്നും കോച്ച് ശ്രീജേഷ് പറഞ്ഞു. മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യന്‍ ടീമിനായില്ലെങ്കിലും മറ്റു മത്സരങ്ങളിലെല്ലാം നന്നായി കളിക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You cannot copy content of this page