ആലപ്പുഴ: വലുപ്പമുള്ള നെയ്‌മത്തി ലഭിക്കേണ്ട ഈ സമയത്ത് മെലിഞ്ഞ കുഞ്ഞൻമത്തി മത്തിപ്രേമികളെ നിരാശരാക്കുന്നു. ചെറുമത്തി സുലഭമാണെങ്കിലും വലുപ്പക്കുറവ് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലുമാക്കുന്നു. 18 സെന്റിമീറ്ററാണ് സാധാരണ മത്തിയുടെ വലുപ്പം. എന്നാൽ, ഇപ്പോൾ കിട്ടുന്ന 10-12 സെന്റിമീറ്റർ മാത്രമേയുള്ളൂ. മുൻപ് ഒരു മത്തിക്ക് ശരാശരി 60-70 ഗ്രാം തൂക്കമുണ്ടായിരുന്നു. ഇപ്പോഴിത് 15-20 ഗ്രാം വരെ മാത്രം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ പഠനത്തിലും മത്തിയുടെ മെലിയൽ വിഷയമായി.
കടലിലെ ‘അപ് വെല്ലിങ്’ പ്രതിഭാസം മത്തിക്കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് ആദ്യഘട്ടത്തിൽ സഹായിച്ചെങ്കിലും പിന്നീട് ഭക്ഷ്യലഭ്യത കുറഞ്ഞത് വളർച്ച മുരടിച്ച് തൂക്കം കുറയാനിടയാക്കിയതായി വിദഗ്ധർ പറയുന്നു. മൺസൂണിൽ കടലിന്റെ അടിത്തട്ടിലെ പോഷകസമൃദ്ധമായ ജലം മുകളിലേക്കു വരുന്നതാണ് അപ് വെല്ലിങ്. ഇത് കുഞ്ഞൻമത്തിയുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങൾ വർധിപ്പിക്കാനിടയാക്കും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സമുദ്രതാപനം മത്തിയുടെ വളർച്ചയെ ബാധിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിന്റെ തീരങ്ങളിൽ പലയിടത്തും കുഞ്ഞൻമത്തി മാത്രമാണു ലഭിക്കുന്നത്. ഒമാൻ, ഗോവ തീരങ്ങളിൽ നിന്നെത്തിയ അവ ഇപ്പോൾ ഇവിടെ അടിയുന്നുണ്ട്. വല്ലപ്പോഴുംമാത്രം ലഭിക്കുന്ന വലിയമത്തിക്ക് കിലോയ്ക്ക് 300 രൂപയാണു വില.
വലയിൽ ചെറുമത്തി ധാരാളം ലഭിക്കുന്നുണ്ടെങ്കിലും കരയിലെത്തിച്ചാൽ പിടിവീഴുമെന്നതിനാൽ പലരും കടലിൽത്തന്നെ ഉപേക്ഷിക്കുകയാണ്. 10 സെന്റിമീറ്ററിൽ താഴെയുള്ള മത്തി പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
വലുപ്പമുള്ള നെയ്‌മത്തി ലഭിക്കേണ്ട സമയമാണിപ്പോൾ. ചെറുമത്തിക്ക് ഡിമാൻഡ് കുറഞ്ഞതോടെ വിൽക്കാനാകാതെ ഉപേക്ഷിക്കുന്ന സ്ഥിതിയുണ്ട്. വള്ളങ്ങളിൽനിന്നു മതിപ്പുവിലയ്ക്കു വാങ്ങുന്നവർ തമിഴ്നാട്ടിലെയും മംഗളൂരുവിലെയും വളംനിർമാണ കമ്പനികളിലേക്ക് ഇവ കൊണ്ടു പോകുകയാണ്.
