Breaking News

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യാൻ എസ്ഐടി

Spread the love

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ശബരിമല സ്വർണപ്പാളിക്കേസിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു. കേസിന് പിന്നാലെ സസ്‌പെൻഷൻ നടപടി നേരിടുന്ന ദേവസ്വം ഉദ്യോഗസ്ഥനായ മുരാരി ബാബുവിന്റെ അറസ്റ്റ് ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നാണ് സൂചന. പ്രതിപ്പട്ടികയിലുള്ള മറ്റ് ഉദ്യോഗസ്ഥർക്കെതിരെയും ഉടൻ നടപടി ഉണ്ടായേക്കും. ഹൈക്കോടതിയുടെ ഇടക്കാല ഉതേതരവിന് പിന്നാലെയാണ് എസ്‌ഐടിയുടെ നിർണായക നീക്കം.

2024ൽ ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. കൂടാതെ ദ്വാരപാലക ശിൽപം നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റി വഴി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ മുരാരി ബാബു നീക്കം നടത്തിയെന്നും കണ്ടെത്തിയിരുന്നു.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ എസ്‌ഐടി ചോദ്യം ചെയ്തിരുന്നു. എല്ലാം ചെയ്തത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണെന്നായിരുന്നു അനന്തസുബ്രഹ്മണ്യത്തിന്റെ മൊഴി. പോറ്റി പറഞ്ഞതുകൊണ്ടാണ് പാളികൾ ബെംഗളൂരുവിൽ കൊണ്ടുപോയതും നാഗേഷിന് കൈമാറിയതെന്നും അനന്തസുബ്രഹ്മണ്യം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിക്കുവേണ്ടി സന്നിധാനത്ത് നിന്നും സ്വർണപ്പാളികൾ ഏറ്റുവാങ്ങിയതും സ്വർണപ്പാളി ബെംഗളൂരുവിലേക്ക് കൊണ്ടുപോയതും അനന്തസുബ്രഹ്മണ്യം ആയിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒപ്പമിരുത്തിയാണ് ഇയാളെ ചോദ്യം ചെയ്തത്. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ അനന്തസുബ്രഹ്മണ്യത്തിന്റെ പങ്കിനെ പറ്റി വ്യക്തമാക്കിയിരുന്നു.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മിനിറ്റ്‌സ് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. 2019ലെ മിനിറ്റ്‌സാണ് പിടിച്ചെടുത്തത്. സ്വർണം പൂശാനെടുത്ത യോഗ വിവരങ്ങൾ അടക്കമുള്ള കാര്യങ്ങളാണ് പിടിച്ചെടുത്ത മിനിറ്റ്‌സിലുള്ളത്. ദേവസ്വം ബോർഡിന്റെ മിനിറ്റ്‌സ് ബുക് പിടിച്ചെടുക്കാനും അവ സുരക്ഷിതമായി എസ്‌ഐടി കസ്റ്റഡിയിൽ സൂക്ഷിക്കാനും ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. മിനിറ്റ്‌സിന്റെ പകർപ്പ് ഹൈക്കോടതി രജിസ്ട്രിക്ക് കൈമാറണമെന്നും എസ്‌ഐടിക്ക് ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിന് മുൻപ് തന്നെ, കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത ദിവസം മിനിറ്റ്‌സ് പിടിച്ചെടുത്തതായാണ് വിവരം. സ്വർണക്കൊള്ളയിൽ സംസ്ഥാനത്തിന് പുറത്ത് ഗൂഢാലോചന നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇവർക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

നിലവിലെ ബോർഡിനെതിരായ പരാമർശം മാറ്റാൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്ർറ് പി എസ് പ്രശാന്ത് റിപ്പോർട്ടറിനോട് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശിൽപ പാളികളും താങ്ങുപീഠവും കൈമാറാൻ പിഎസ് പ്രശാന്ത് നിർദേശം നൽകിയതായി ഇടക്കാല ഉത്തരവിൽ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സ്റ്റാൻഡിംഗ് കൗൺസിൽ വഴി അടുത്ത ദിവസം കോടതിയെ സമീപിക്കുമെന്നും തന്നെയോ ബോർഡിനേയോ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും പ്രശാന്ത് പറഞ്ഞു. വെറുതെ സംശയനിഴലിൽ നിർത്തുകയാണ്. എസ്ഐടി റിപ്പോർട്ട് അനുസരിച്ചാകില്ലേ ഹൈക്കോടതി പരാമർശം?. എന്നാൽ അന്വേഷണ സംഘം തങ്ങളോട് സംസാരിച്ചിട്ടില്ല. പോറ്റിയെ സഹായിക്കുന്ന വരിയോ വാക്കോ തങ്ങൾ ചെയ്തിട്ടില്ല. നാല് ഉത്തരവുകളുണ്ട്, നിങ്ങൾക്ക് നോക്കാമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. സ്വർണപ്പാളികൾ കൈമാറ്റം ചെയ്തതിൽ പി എസ് പ്രശാന്തും എസ്ഐടിയുടെ അന്വേഷണ പരിധിയിലാണ്.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളായിരുന്നു പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവും കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവും രണ്ട് കേസുകളായാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമേ ഒന്‍പത് പേരെയാണ് പ്രതിചേര്‍ത്തത്. ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍ കുമാര്‍, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, മുന്‍ ദേവസ്വം സെക്രട്ടറി ആര്‍ ജയശ്രീ, മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു , മുന്‍ തിരുവാഭരണ കമ്മീഷണര്‍ ആര്‍ ജി രാധാകൃഷ്ണന്‍, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്ര പ്രസാദ്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണത്തില്‍ എട്ട് പേരാണ് പ്രതികള്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് കല്‍പേഷ്, 2019 ലെ ദേവസ്വം കമ്മീഷണര്‍, എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതി എന്നിങ്ങനെയായിരുന്നു പ്രതികള്‍. കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്. കേസില്‍ ഒക്ടോബര്‍ 17നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂറോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

You cannot copy content of this page