കേരളത്തിൽ നടക്കാനിരിക്കുന്ന അർജന്റീന – ഓസ്ട്രേലിയ മത്സരത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി ഏഷ്യൻ ഫുട്ബോൾ കോൺഫെഡേറഷൻ. സൗദിയിൽ നടന്ന യോഗത്തിൽ എഎഫ്സി പ്രസിഡന്റും ബഹ്റൈൻ രാജകുമാരനുമായ ഷെയ്ക്ക് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പങ്കെടുത്തു. ഫിഫയുടെ സീനിയർ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ഓസ്ട്രേലിയൻ ഫുട്ബോൾ ഫെഡറേഷൻ ചെയർമാൻ ആന്റർ ഐസക്, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഫിഫയില്‍ നിന്നുള്ള അനുമതികള്‍ക്കായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഉറപ്പ് നല്‍കി. കൊച്ചിയിൽ നടക്കുന്ന മത്സരത്തിന് പൂർണ പിന്തുണ നൽകുമെന്ന് എഎഫ്സി ഉറപ്പ് നൽകി. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഇത്ര വലിയൊരു അന്താരാഷ്ട്ര സൗഹൃദ മത്സരം നടത്തുന്നതിലെ സന്തോഷവും പങ്കുവച്ചു. ലോകചാമ്പ്യന്മാരായ അർജന്റീനയുടെ വരവ് ഏഷ്യയിൽ ഫുട്ബോളിന്റെ വളർച്ചക്ക് സഹായമാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.
അതേസമയം അർജന്റീന – ഓസ്ട്രേലിയ മത്സരത്തിന്റെ ഒരുക്കങ്ങൾ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൊച്ചിയിൽ ചേർന്ന യോഗം വിലയിരുത്തി. എ ജയതിലകിന്റെ നേതൃത്വത്തിൽ ഐ എം എ ഹൗസിൽ യോഗം ചേർന്നു. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ ഐജി വിശദീകരിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു.
