വാതിലിലും കട്ടിളപ്പടിയിലും ഉള്ള സ്വര്‍ണമാണ് സംഘം ആദ്യം ഉരുക്കിയെടുത്തത്. തട്ടിപ്പിന്റെ സാധ്യത കണ്ടെത്തിയതോടെ ദ്വാരപാലകശില്പത്തിലും ക്ഷേത്രത്തിലെ ഒരുഭാഗത്തും ഉണ്ടായിരുന്ന പാളികള്‍ കൊണ്ടുപോയി. പാളി മാറ്റി സ്വര്‍ണം പൂശുന്നതിന് കുറച്ചുസ്വര്‍ണം മതി. സ്വര്‍ണം പൂശിയത് കുറച്ചുകാലം കഴിയുമ്പോള്‍ മങ്ങും. ഇത് വീണ്ടും അറ്റകുറ്റപ്പണിക്കെന്ന പേരില്‍ ഇളക്കിക്കൊണ്ടുപോകാം. ഇടയ്ക്കിടക്ക് സ്വര്‍ണം പൂശുന്നതിനുള്ള സ്പോണ്‍സര്‍ഷിപ്പിനെന്ന പേരില്‍ വന്‍തോതില്‍ പണപ്പിരിവ് നടത്താനുള്ള അവസരവും ലഭിക്കും. ക്ഷേത്രത്തില്‍ പതിച്ചിരുന്ന പാളികള്‍ വന്‍വിലയ്ക്കു മുറിച്ചുവിറ്റിട്ടുണ്ടെന്ന സംശയവും ഉയരുന്നുണ്ട്. വ്യവസായികള്‍ക്കും ഉന്നതര്‍ക്കും ക്ഷേത്രപാളികളെന്ന പേരില്‍ വിറ്റശേഷം പുതിയ ചെമ്പുപാളികള്‍ നിര്‍മിച്ച് സ്വര്‍ണം പൂശിയതാണോ എന്നതാണ് കണ്ടെത്തേണ്ടത്. സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴികളിലും ഒട്ടേറെ വൈരുധ്യങ്ങളുണ്ട്. ഇത് ആരെയൊക്കെയോ രക്ഷിച്ചെടുക്കാനുള്ള തന്ത്രമാണോ എന്ന സംശയവും ഉയരുന്നുണ്ട്.
