Breaking News

കരൂർ ദുരന്തം; മുന്നറിയിപ്പും നിർദ്ദേശങ്ങളും ലംഘിച്ചു; ഒരു ടിവികെ നേതാവ് കൂടി അറസ്റ്റിൽ

Spread the love

കരൂരിലെ റാലിയിൽ ടിവികെ പൊലീസ് നിർദ്ദേശം ലംഘിച്ചുവെന്ന് കണ്ടെത്തൽ. റാലിക്കായി പൊലീസ് നൽകിയ 11 നിർദ്ദേശങ്ങളും ലംഘിച്ചു എന്നാണ് കണ്ടെത്തൽ. ഒരു ടിവികെ ഭാരവാഹി കൂടി അറസ്റ്റിലായി. പരിപാടി നടത്തിപ്പിന് ചുമതലുള്ള പത്ത് പേരിൽ ഒരാളായ കരൂർ സൗത്ത് സിറ്റി ട്രഷറർ പൗൻരാജാണ് അറസ്റ്റിലായത്. മുന്നറിയിപ്പും നിർദ്ദേശങ്ങളും ലംഘിച്ചതോടെയാണ് അപേക്ഷകനായ ജില്ലാ ട്രഷററെ അറസ്റ്റ് ചെയ്തത്.

നിർദ്ദേശങ്ങൾ ലംഘിച്ചാൽ ജീവൻ നഷ്ടപ്പെടും എന്ന മുന്നറിയിപ്പ് പൊലീസ് നൽകിയിരുന്നു. പൗൺരാജ് ആണ് പരിപാടിക്ക് അനുമതി തേടി അപേക്ഷ സമർപ്പിച്ചത്. അതേസമയം കരൂരിലെ അപകടത്തിൽ കൂടുതൽ ടിവികെ നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കരൂർ വെസ്റ്റ്‌ ജില്ലാ സെക്രട്ടറി മതിയഴകനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ്, ജോയിന്റ് ജനറൽ സെക്രട്ടറി നിർമൽ കുമാർ എന്നിവരുടെ അറസ്റ്റിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. അതിനിടെ, സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷൻ ഉടൻ ഇടക്കാല റിപ്പോർട്ട് നൽകും.

തമിഴക രാഷ്ട്രീയത്തിൽ ഒറ്റയ്ക്ക് വഴിവെട്ടി മുന്നേറാൻ ഉള്ള യാത്രയിൽ വിജയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് കരൂരിൽ ഉണ്ടായത്. വിജയ്‌യുടെ വരവ് കാര്യമായി അലട്ടിയിരുന്നത് ഡിഎംകെയേയും, എഐഎഡിഎംകെയേയും ബിജെപിയേയും ആയിരുന്നു. ജുഡീഷ്യൽ കമ്മീഷന്റെ അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷമോ, മദ്രാസ് ഹൈക്കോടതി പ്രതിസ്ഥാനത്ത് നിർത്തിയ ശേഷമോ മാത്രം വിജയ്‌യെ കടന്നാക്രമിച്ചാൽ മതിയെന്നാണ് ഡിഎംകെയുടെ തീരുമാനം.

You cannot copy content of this page