തൃശൂരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ; പ്രതിഷേധവുമായി നാട്ടുകാർ

Spread the love

തൃശൂർ വടക്കാഞ്ചേരിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. കാഞ്ഞിരക്കോട് സ്വദേശി മിഥുനാ( 30)ണ് മരിച്ചത്. ഇന്ന് രാവിലെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നിയുടെ മാംസം വിൽപന നടത്തിയെന്ന കേസിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് മരണം.
മിഥുൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് വീട്ടുകാർ പറയുന്നു. ചൊവ്വാഴ്ചയാണ് മിഥുൻ ഉൾപ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയാണ് മിഥുൻ ജാമ്യത്തിൽ ഇറങ്ങിയത്. സംഭവത്തിൽ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. തഹസിൽദാർ സ്ഥലത്തെത്തിയിട്ട് മൃതദേഹം ഇറക്കിയാൽ മതിയെന്ന് നാട്ടുകാർ പറഞ്ഞു.
ഫോൺ വാങ്ങുന്നതിനായി മിഥുൻ ഇന്നലെ വനംവകുപ്പിന്റെ ഓഫീസിലെത്തിയിരുന്നു. എന്നാൽ ഏഴംഗ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഈ മനോവിഷമത്തിലാണ് മിഥുൻ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. കേസിൽ പ്രതികളല്ലാത്ത ആളുകളെയും മൊഴിയെടുത്ത് കൊണ്ട് കസ്റ്റഡിയിലെടുക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. മിഥുൻ സമൂഹത്തിന് വേണ്ടപ്പെട്ട പയ്യനാണ്. ഇതിന് പരിഹാരം കണ്ടിട്ടേ പിരിഞ്ഞുപോകുള്ളൂ എന്ന് നാട്ടുകാർ പറഞ്ഞു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056

You cannot copy content of this page