Breaking News

തൊഴിലാളികൾക്ക് ചെയ്യാത്ത ജോലിക്ക് കൂലി; അധിക ചിലവിൽ ഗതികെട്ട് ഹോട്ടൽ ഉടമകൾ; പൂട്ടലുകൾ തുടരുന്നു

Spread the love

പെരുമ്പാവൂർ ∙ എൽപിജി ക്ഷാമത്തെ തുടർന്ന് ഹോട്ടലുകൾ പൂട്ടിത്തുടങ്ങിയതോടെ അതിഥിത്തൊഴിലാളികളായ ഹോട്ടൽ ജീവനക്കാരെ സംരക്ഷിക്കാൻ നെട്ടോട്ടമോടി ഹോട്ടലുടമകൾ. സിലിണ്ടർ ക്ഷാമം മൂലം നഗരത്തിലും പരിസരത്തുമായി 15 ‌ഹോട്ടലുകളാണ് താൽക്കാലികമായി അടച്ചത്. ഹോട്ടലുകളിൽ ജോലി ചെയ്യുന്നവരിൽ 80% അതിഥിത്തൊഴിലാളികളാണ്. പൂട്ടിയ ഹോട്ടലുകളിലെ തൊഴിലാളികൾക്ക് വേതനം നൽകി സംരക്ഷിക്കേണ്ട അധികച്ചെലവാണു ഹോട്ടലുടമകൾക്ക്. ഇവർ മറ്റു തൊഴിലുകൾ തേടിപ്പോകുകയോ നാട്ടിലേക്കു മടങ്ങുകയോ ചെയ്താൽ തിരികെ ലഭിക്കാൻ ബുദ്ധിമുട്ടാണ്. അസം, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പായതിനാൽ കുറെ തൊഴിലാളികൾ നാട്ടിലേക്കു മടങ്ങി. ഇനി ഏപ്രിൽ അവസാനത്തോടെയോ മേയ് ആദ്യവാരമോ മാത്രമേ ഇവർ മടങ്ങി വരികയുള്ളു.

ചില ഹോട്ടലുകളുടെ പ്രവർത്തനം ഭാഗികമാണ്. ക്ഷാമം പരിഹരിച്ചില്ലെങ്കിൽ കൂടുതൽ ഹോട്ടലുകൾ പൂട്ടുമെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ജില്ലാ വർക്കിങ് പ്രസിഡന്റ് കെ.പാർഥസാരഥിയും പെരുമ്പാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.ബി.ശശിയും പറഞ്ഞു. 95 % ഹോട്ടലുകളും ഗ്യാസ് ഉപയോഗിച്ചു പ്രവർത്തിക്കുന്നവയാണ്. അപൂർവം ഹോട്ടലുകളിൽ ഗ്യാസ് അടുപ്പുകളും വിറകടുപ്പുകളുമുണ്ട്. ഇത് മിക്കതും പഴയകാല ഹോട്ടലുകളാണ്. എഎം റോഡിലെ രാജലക്ഷ്മി ഇത്തരത്തിൽ പ്രവർത്തിക്കുന്നതാണ്.അർധരാത്രി വരെ പ്രവർത്തിക്കുന്ന വലിയ ഹോട്ടലുകളിൽ 3 മുതൽ 6 വരെ സിലിണ്ടറുകളാണ് ദിവസവും വേണ്ടത്. ആധുനിക അടുക്കളകൾ ഉപയോഗിക്കുന്ന ഈ ഹോട്ടലുകൾക്ക് പെട്ടെന്ന് വിറകടുപ്പിലേക്കു മാറാൻ കഴിയില്ല.

You cannot copy content of this page