Breaking News

ഗസ്സയെ ഹമാസില്‍ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം, ഭക്ഷണ ട്രക്കുകള്‍ കൊള്ളയടിക്കുന്നതും സഹായ വിതരണ കേന്ദ്രത്തില്‍ വെടിവയ്പ്പ് നടത്തുന്നതും അവര്‍: നെതന്യാഹു

Spread the love

ഗസ്സ മുനമ്പിന്റെ നിയന്ത്രണം പിടിച്ചടക്കാനുള്ള നീക്കം ഐക്യാരാഷ്ട്രസഭയില്‍ വിമര്‍ശിക്കപ്പെട്ടതിന് മറുപടിയായി തന്റെ പദ്ധതി വിശദീകരിച്ച് ന്യായീകരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസ്സ പിടിച്ചടക്കുന്നതാണ് യുദ്ധം അവസാനിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സയെ ഹമാസിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നത്. ഗസ്സയില്‍ ഇസ്രയേലി ബന്ദികളാണ് കൊടുംപട്ടിണി അനുഭവിക്കുന്നതെന്നും അവരെ മാത്രമാണ് മനപൂര്‍വ്വം പട്ടിണിക്കിട്ടിരിക്കുന്നതെന്നും നെതന്യാഹു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ അടിയന്തര യോഗത്തില്‍ ഇസ്രയേലിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് ന്യായീകരണവുമായി നെതന്യാഹു രംഗത്തെത്തിയത്. ഗസ്സയെ പിടിച്ചടക്കാനുള്ള ഇസ്രയേലിന്റെ നീക്കങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു ഉയര്‍ന്ന പ്രധാന വിമര്‍ശനം. ഗസ്സയിലെ ജനതയെ മുഴുവന്‍ ശിക്ഷിക്കാനുള്ള ഇസ്രയേലിന്റെ നീക്കം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ചൈന വിമര്‍ശിച്ചിരുന്നു.

 

ഗസ്സയിലെ അവശേഷിക്കുന്ന രണ്ട് ഹമാസ് കേന്ദ്രങ്ങളും അല്‍-മവാസിക്ക് ചുറ്റുമുള്ള ഒരു ഹമാസ് താവളവും നശിപ്പിക്കാനാണ് ഇപ്പോള്‍ ഇസ്രയേലി ആര്‍മിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശമെന്ന് നെതന്യാഹു പറഞ്ഞു. മാനുഷിക സഹായ വിതരണത്തിനായി സുരക്ഷിത ഇടനാഴികള്‍ സ്ഥാപിക്കാനും അതില്‍ ഇസ്രയേല്‍ സേനയും പങ്കാളികളാകാനും മൂന്ന് ഘട്ട പദ്ധതി ഇസ്രയേല്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗസ്സയിലെ ജനതയ്ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിക്കുന്ന ട്രക്കുകള്‍ ഹമാസ് കൊള്ളയടിക്കുന്നുവെന്നും ഭക്ഷണ വിതരണ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഹമാസ് വെടിവയ്പ്പുകള്‍ നടത്തുന്നുവെന്നും നെതന്യാഹു ആരോപിച്ചു.

You cannot copy content of this page