കുറവിലങ്ങാട് : വീടിനായി മിഴി നിറഞ്ഞ അമ്മയ്ക്ക് വീടൊരുക്കാൻ ജനകീയ കൂട്ടായ്മ.
നാടിനെ അറിയുന്ന നാട്ടുകാരുടെ പിന്തുണയും, നാടിൻ്റെ ഹൃദയങ്ങൾ തൊടുന്ന പ്രവാസികളുടെ സഹായവും തേടി പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാണിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട്ട് നന്മകൾ നിറയ്ക്കാനുള്ള പരിശ്രമങ്ങൾക്ക് തുടക്കം കുറിക്കുന്നു.
ഒരു പതിറ്റാണ്ടോളമായി ഒരു വീട് സ്വപ്നം കണ്ടിരുന്ന കുറവിലങ്ങാട് പഞ്ചായത്ത് 8-ാം വാർഡിലെ കുടുംബത്തിനായാണ് ഇപ്പോൾ ഏവരും ഒരുമിക്കുന്നത്. തകർന്നു വീഴാറായിരുന്ന മേൽക്കൂരയ്ക്ക് കീഴിൽ ഭീതിയോടെ കഴിയുന്ന കുടുംബത്തിൻ്റെ അവസ്ഥയറിഞ്ഞവർക്കെല്ലാം ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ; അവർക്ക് ഒരു നല്ല ഒരു വീട് ഉണ്ടാവണം. കുടുംബനാഥൻ മരിച്ചു പോയ കുടുംബത്തിൽ അമ്മയും രണ്ടു പെൺമക്കളും വല്യമ്മയുമാണുള്ളത്. ഒന്നര പതിറ്റാണ്ടായി സാങ്കേതിക പ്രശ്നങ്ങളിൽ കുടുങ്ങി സർക്കാർ പദ്ധതികൾ ഇവർക്ക് അന്യമായി നിന്നത് വലിയ പ്രതിസന്ധിയായിരുന്നു.
തടസ്സങ്ങൾ നീക്കി സർക്കാർ പദ്ധതിയുമായി കൈകോർത്ത് നാടിൻ്റെ പിന്തുണകൂടി ചേരുമ്പോൾ സ്വപ്നങ്ങൾ സഫലീകരിക്കപ്പെടുന്ന ദിനങ്ങളാണ് ആ കുടുംബത്തിന് കടന്നു വരുന്നത്. ഐ.എ.വൈ. പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട തുക കൊണ്ടുമാത്രം മുന്നിട്ടിറങ്ങുവാൻ ആശങ്കയുയർന്ന നിമിഷത്തിലാണ് പഞ്ചായത്ത് പ്രസിഡണ്ട് സിബി മാണി വിവിധ സംഘടനകളുമായി ബന്ധപ്പെടുന്നത്. അമേരിക്കയിലായിരിക്കുമ്പോഴും കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുന്ന ‘ദി ഇന്ത്യാ കാത്തലിക് അസോസിയേഷൻ ഓഫ് അമേരിക്ക ‘ എന്ന സംഘടനയുടെ പ്രസിഡൻ്റായ ജോസഫ് മാത്യു ഇഞ്ചയ്ക്കൽ ‘കൂടെയുണ്ട് കുറവിലങ്ങാട് ‘ എന്നു പറയുവാൻ കൂട്ടുചേർന്നപ്പോൾ കാര്യങ്ങളെല്ലാം ഉഷാറായി. അപകടാവസ്ഥയിലായിരുന്ന പഴയ വീട് പൊളിച്ചുമാറ്റി.
മാർച്ച് 16-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം കുറവിലങ്ങാട് പള്ളിയുടെ ആർച്ച്പ്രീസ്റ്റ് ബഹു. തോമസ് മേനാച്ചേരിയച്ചൻ തറക്കല്ലിടുന്നതോടെ പണികൾ ആരംഭിക്കുമെന്ന സന്തോഷത്തിലാണ് നാടും കുടുംബവും. വിവിധ സർക്കാർ പദ്ധതികൾക്കൊപ്പം ജനകീയ കൂട്ടായ്മകളെക്കൂടി സജീവമാക്കി നാട്ടിൽ നന്മ നിറയ്ക്കണമെന്ന പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാണിയുടെ കാഴ്ചപ്പാടും നേതൃത്വവുമാണ് എല്ലാറ്റിനും പിന്നിലുള്ളത്.
