Breaking News

10 – 15 ദിവസത്തിനുള്ളില്‍ തിരുമാനത്തിലെത്തണം; ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാന് സമയപരിധി നിശ്ചയിച്ച് ട്രംപ്

Spread the love

ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാന് 10 മുതല്‍ 15 ദിവസം വരെ സമയപരിധി നിശ്ചയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരാറിലെത്താന്‍ ഇറാന്‍ പരാജയപ്പെട്ടാല്‍ മോശം കാര്യങ്ങള്‍ സംഭവിക്കുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്. വാഷിങ്ടണില്‍ നടക്കുന്ന ബോര്‍ഡ് ഓഫ് പീസിന്റെ ആദ്യ യോഗത്തിലാണ് ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഇറാന്‍ യുദ്ധം ആരംഭിക്കില്ലെന്നും അമേരിക്ക തങ്ങളെ ആക്രമിക്കുന്നപക്ഷം സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് അയച്ച കത്തിലാണ് ഇറാന്റെ പരാമര്‍ശം. മേഖലയിലെ അമേരിക്കയുടെ എല്ലാ സൈനിക താവളങ്ങളും ലക്ഷ്യം വയ്ക്കുമെന്നും കത്തില്‍ പറയുന്നു.

ഇറാനും റഷ്യയും ഹോര്‍മൂസ് കടലിടുക്കില്‍ ഇന്നലെ സംയുക്ത സൈനിക അഭ്യാസം നടത്തി. ആക്രമണം ഉണ്ടായേക്കുമെന്ന ഭീതിയില്‍ ആഗോള എണ്ണ വില ഉയര്‍ന്നിട്ടുണ്ട്.

പശ്ചിമേഷ്യന്‍ തീരത്ത് അമേരിക്ക സൈനിക സന്നാഹം ശക്തിപ്പെടുത്തി. ഇറാനെ ആക്രമിക്കുന്ന പക്ഷം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോ ഗാര്‍ഷ്യ സൈനികതാവളം അമേരിക്ക ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്ക ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങള്‍ നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിന്റെ മുന്നറിയിപ്പ് നല്‍കി. ജനീവയില്‍ അമേരിക്കയും ഇറാനും തമ്മില്‍ പരോക്ഷ ചര്‍ച്ചകള്‍ നടന്നതിന് പിന്നാലെയാണ് ലാവ്‌റോവിന്റെ നിര്‍ണ്ണായക ഇടപെടല്‍. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ മുന്‍പ് നടന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ നിരീക്ഷണത്തിലുള്ള കേന്ദ്രങ്ങളെ ബാധിച്ചുവെന്നും അത് ഒരു ആണവ ദുരന്തത്തിന് വഴിവെക്കാമായിരുന്നെന്നും ലാവ്റോവ് വ്യക്തമാക്കി.

അമേരിക്കയും ഇറാനും പല വിഷയങ്ങളിലും കടുത്ത ഭിന്നിപ്പിലാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് പറഞ്ഞു. ഫെബ്രുവരി 28ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇറാന്‍ വിഷയത്തില്‍ ചര്‍ച്ച നടത്തും.

You cannot copy content of this page