മത്സരത്തില്‍ ഒരു സൗഹൃദവുമില്ലാതെ കാനറികളെ അരിഞ്ഞു വീഴ്ത്തി; ബ്രസീലിന് വിനയായത് ആത്മവിശ്വാസം?

Spread the love

ആദ്യപകുതിക്ക് പിരിയുന്നത് വരെ രണ്ട് ഗോളിന് മുന്നിലായിട്ടും ഏഷ്യന്‍ ശക്തിയായ ജപ്പാനോട് ഒരു ഗോളിന് പരാജയമേറ്റു വാങ്ങേണ്ടി വന്ന മുന്‍ ലോക ചാമ്പ്യന്‍മാരുടെ ദുരവസ്ഥ ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകളായി തുടങ്ങിയിട്ടുണ്ട്. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ ഇന്നലെ നടന്ന സൗഹൃദ മത്സരത്തില്‍ വമ്പന്മാരായ ബ്രസീല്‍ 3-2 എന്ന സ്‌കോറിലാണ് ജപ്പാനോട് തോറ്റത്. രണ്ട് ഗോളിന് പിന്നിലായിട്ടും കൃത്യമായ ആസൂത്രണത്തോടെ ഇറങ്ങിയ ജപ്പാന്‍ രണ്ടാംപകുതിയില്‍ അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയത്. ബ്രസീല്‍ പ്രതിരോധ നിരയെ ആകെ ഉലക്കുന്ന തരത്തില്‍ ഒന്നിന് പിറകെ ഒന്നൊന്നായി ആക്രമണങ്ങള്‍ തുടര്‍ന്നപ്പോള്‍ അതുവരെയുണ്ടായിരുന്ന ആത്മവിശ്വാലമെല്ലാം മുന്‍ലോക ചാമ്പ്യന്‍മാര്‍ക്ക് ഇല്ലാതായിക്കൊണ്ടിരുന്നു. കൊറിയയുമായുള്ള മത്സരത്തില്‍ വിനീഷ്യസ് ജൂനിയര്‍ തിളങ്ങിയെങ്കിലും ജപ്പാന്‍പൂട്ടില്‍ താരത്തിന് ഒന്നും ചെയ്യാന്‍ ആയില്ല. അര മണിക്കൂറിനിടെയായിരുന്നു ജിപ്പാന്‍ മൂന്ന് ഗോളുകള്‍ നേടി മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയത്. ആദ്യപകുതിയില്‍ ചിത്രത്തിലെ ഇല്ലാതിരുന്ന ജപ്പാന്‍ നിമിഷങ്ങള്‍ കൊണ്ട് കഥയാകെ മാറ്റിയതിന്റെ ഞെട്ടല്‍ കാനറികള്‍ക്ക് മറക്കാവുന്നതല്ല.

26ാം മിനിറ്റില്‍ പൗലോ ഹെന്റികയും 32-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ബ്രസീലിനായി സ്‌കോര്‍ ചെയ്തപ്പോള്‍ ബ്രസീല്‍ താരത്തിന്റെ പ്രതിരോധപ്പിഴവുകള്‍ മുതലെടുത്ത് 52-ാം മിനിറ്റില്‍ തകുമി മിനാമിനോ ജപ്പാന്റെ ആദ്യ ഗോള്‍ നേടി. ഫാബ്രിസിയോ ബ്രൂണോയുടെ പാസിങ്ങിലെ പിഴവ് മുതലെടുത്തായിരുന്നു ഈ നേട്ടം. ഒന്‍പത് മിനിറ്റിനുശേഷം ഒരു ക്ലയറന്‍സിനുള്ള ശ്രമം നടത്തിയ ബ്രൂണോയ്ക്ക് വീണ്ടും പിഴച്ചു. കെയ്റ്റോ നാകാമുറ വഴി ജപ്പാന്റെ സമനില ഗോള്‍. ബ്രസീല്‍ തീര്‍ത്തും അങ്കലാപ്പിലാകുന്ന കാഴ്ച്ച. മുന്നേറ്റനിരയില്‍ നിന്ന് വിനീഷ്യസ് ജൂനിയര്‍, മാര്‍ട്ടിനല്ലി, മിഡില്‍ നിന്ന് ഗുയിമാരസ് എന്നിവര്‍ ഒരുമിച്ച് പിന്‍വലിക്കപ്പെട്ടു. പകരം മാത്തേവൂസ് കുന്‍ഹയും റോഡ്രിഗോയും ജോലിന്റോണും നിയമിക്കപ്പെട്ടു. കോച്ച് ആന്‍സിലോട്ടിക്ക് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഈ മാറ്റങ്ങള്‍ നടത്തി അഞ്ച് മിനിറ്റിനുള്ളിലായിരുന്നു സമനില ഗോള്‍.

അപാരമായ ആത്മവിശ്വാസം ആര്‍ജിച്ച ജപ്പാന് സ്വന്തം നാട്ടുകാരുടെ ആര്‍പ്പുവിളികളില്‍ അതിശക്തരായി മാറുന്ന കാഴ്ച്ച. ഒടുവില്‍ വിജയഗോളും സാധ്യമാക്കി. 71-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജുന്‍യ ഇറ്റോ എടുത്ത കോര്‍ണര്‍ കിക്ക്. പ്രതിരോധതാരം ലൂക്കാസ് ബെറാള്‍ഡോയെ മറികടന്ന് അയാസെ ഉവേദ ശക്തമായ ഹെഡറിലൂടെ വലയിലാക്കിയപ്പോള്‍ യുദ്ധം ജയിച്ച പ്രതീതി. സൗഹൃദ മത്സരമായിട്ടും മയമില്ലാതെ ജപ്പാന്‍ തിരിച്ചടി. ഇരുടീമും 14 തവണ ഏറ്റുമുട്ടിയപ്പോള്‍ ബ്രസീലിനെതിരെയുള്ള ജപ്പാന്റെ ആദ്യ ജയമാണിതെന്നാണ് ഇന്നലെത്തെ പ്രത്യേകത. ഇതിന് മുന്‍പ് നടന്ന 13 മത്സരങ്ങളില്‍ പതിനൊന്നിലും ബ്രസീലിനായിരുന്നു വിജയം. എന്തായാലും ഈ പതനം മഞ്ഞപ്പടക്ക് മറക്കാനാവില്ല. ജപ്പാനെ ഇനിയുള്ള കാലം കരതുക തന്നെ വേണമെന്ന പാഠവുമായാണ് ആന്‍സിലോട്ടിയും സംഘവും തിരികെ മടങ്ങുക.

You cannot copy content of this page