Breaking News

റഷ്യൻ പര്യടനം പൂർത്തിയാക്കി തരൂർ ഡൽഹിയിൽ, നിരീക്ഷിച്ച് കോൺഗ്രസ്; മോദി സ്തുതിയിൽ വിശദീകരണം തേടിയേക്കും

Spread the love

ന്യൂ ഡൽഹി: റഷ്യൻ പര്യടനം പൂർത്തിയാക്കി ഡൽഹിയിലെത്തിയ ലോക്സഭാ എംപി ശശി തരൂരിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ്. തുടർച്ചയായുള്ള മോദി സ്തുതിയിൽ പാർട്ടി ഹൈക്കമാന്റിലടക്കം കടുത്ത അതൃപ്തി നിലനിൽക്കെയാണ് റഷ്യൻ പര്യടനം പൂർത്തിയാക്കി തരൂർ ഡൽഹിയിലെത്തിയിരിക്കുന്നത്. മോദി സ്തുതിയിൽ തരൂരിനെ ഇത്തരത്തിൽ കയറൂരി വിടരുതെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമായിരിക്കെ കോൺഗ്രസ് നേതൃത്വം ഉടൻതന്നെ തരൂരിനോട് വിശദീകരണം ചോദിക്കാനും സാധ്യതയുണ്ട്.

തരൂരിനെതിരെ കോൺഗ്രസിലെ പ്രധാന നേതാക്കൾ അടക്കം രംഗത്ത് വന്നുകഴിഞ്ഞു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ തന്നെ നേരിട്ട് വിമർശനവുമായി രംഗത്തെത്തിയത് ഇനിയും നടപടിക്ക് കോൺഗ്രസ് വൈകിയേക്കില്ല എന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ചിലര്‍ക്ക് മോദിയാണ് വലുതെന്നും അവരെ സംബന്ധിച്ചിടത്തോളം രാജ്യം രണ്ടാമതാണ് എന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ ഖർഗെയുടെ വിമർശനം. തരൂരിന്റെ ഇംഗ്ലീഷ് വായിച്ചിട്ട് തനിക്ക് മനസിലാകുന്നില്ലെന്നും അത് വായിച്ച് മനസിലാക്കാന്‍ കുറച്ച് സമയം വേണമെന്നും ഖര്‍ഗെ പരിഹസിച്ചിരുന്നു. രാജ്യത്തിന്റെ ഐക്യമാണ് കോണ്‍ഗ്രസിന് വലുതെന്നും വേറെ ആര്‍ക്കെങ്കിലും മറ്റ് അഭിപ്രായങ്ങളുണ്ടെങ്കില്‍ അവര്‍ പറയട്ടെ എന്നും ഖര്‍ഗെ പറഞ്ഞിരുന്നു.

ഖർഗെയ്ക്ക് പരോക്ഷ മറുപടിയുമായി തരൂർ രംഗത്തുവന്നതും വലിയ ചർച്ചയായിരുന്നു. ‘പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. ചിറകുകള്‍ നിന്റേതാണ്. ആകാശം ആരുടെയും സ്വത്തുമല്ല’-എന്ന ആസ്‌ക് പെര്‍മിഷന്‍ ടു ഫ്‌ളൈ എന്ന പുസ്തകത്തില്‍ നിന്നുള്ള വരികള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു തരൂരിന്റെ മറുപടി. ഈ ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ് എംപി മാണിക്യം ടാഗോര്‍ രംഗത്തുവന്നിരുന്നു. പക്ഷികള്‍ക്ക് പറക്കാന്‍ അനുമതി ആവശ്യമില്ലെന്നും സ്വതന്ത്രമായി പറക്കുമ്പോള്‍ ആകാശം നിരീക്ഷിക്കണമെന്നും മാണിക്യം ടാഗോര്‍ മറുപടി നൽകിയിരുന്നു.

‘ദി ഹിന്ദു’ ദിനപത്രത്തിൽ തരൂർ എഴുതിയ പുതിയ ലേഖനമാണ് നിലവിൽ വിവാദമായിരിക്കുന്നത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊര്‍ജ്ജം, ചലനാത്മകത, ഇടപെടാനുള്ള സന്നദ്ധത എന്നിവ ആഗോള വേദിയില്‍ ഇന്ത്യയ്ക്ക് സ്വത്തായി തുടരുമെന്നാണ് ശശി തരൂര്‍ ലേഖനത്തില്‍ പറഞ്ഞിരുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള നയതന്ത്ര ബന്ധം ദൃഢനിശ്ചയത്തിന്റെയും ഫലപ്രദമായ ആശയവിനിമയത്തിന്റേതുമായിരുന്നുവെന്നും ഇന്ത്യയ്ക്ക് വ്യക്തതയോടും ബോധ്യത്തോടും കൂടി അന്താരാഷ്ട്ര വേദികളില്‍ ഇതേപറ്റി സംസാരിക്കാന്‍ കഴിയുമെന്നും തരൂര്‍ കുറിച്ചു. ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിരുന്നു.

മുൻപ് പ്രതിനിധി സംഘത്തിന്റെ ഭാഗമായി പനാമയിലെത്തിയപ്പോഴും തരുർ മോദിയെ പുകഴ്ത്തിയിരുന്നു. രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നല്‍കിയെന്നും ഓപ്പറേഷന്‍ സിന്ദൂര്‍ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നുമായിരുന്നു തരൂർ പറഞ്ഞത്.

പിന്നീട് അമിത് ഷാ ഉയർത്തിവിട്ട ഇംഗ്ലീഷ് ഭാഷ വിവാദത്തിലും പ്രധാനമന്ത്രിയെ അനുകൂലിച്ച് ശശി തരൂർ രംഗത്തുവന്നിരുന്നു. മോദി ലോകനേതാക്കളോട് ഹിന്ദിയിൽ സംസാരിക്കുന്ന പഴയ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച് കൊണ്ടായിരുന്നു തരൂരിന്റെ പിന്തുണ പ്രഖ്യാപനം.

തരൂരിന് കോൺഗ്രസ് നേതൃത്വം മുൻപ് താക്കീതും നൽകിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ, 1971-ലെ ഇന്ദിരാഗാന്ധിയുടെയും 2025-ലെ നരേന്ദ്രമോദിയുടെയും നിലപാടുകളെ താരതമ്യം ചെയ്യരുത് എന്ന തരൂരിന്റെ പ്രസ്താവനയിലായിരുന്നു താക്കീത്. വ്യക്തിപരമായ അഭിപ്രായം പറയാനുളള സമയമല്ല ഇതെന്നും പാര്‍ട്ടിയുടെ നിലപാടാണ് പൊതുസമൂഹത്തിന് മുൻപിൽ പറയേണ്ടത് എന്നുമായിരുന്നു താക്കീത്. ജയറാം രമേശ്, ഉദിത് രാജ് അടക്കമുള്ള കോൺഗ്രസ് നേതാക്കളും രൂക്ഷവിമർശനമാണ് ഉയർത്തിയിരുന്നത്.

You cannot copy content of this page