തിരുവനന്തപുരം: ഇഡി റെയ്ഡ് തുടരുന്നതിനിടെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ച് മുന്‍ മന്ത്രി മുഹമ്മദ് റിയാസ്. വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നില്‍ കുമ്പിടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
അവസാന ശ്വാസം വരെയും പോരാടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നതായുള്ള ആരോപണം ശക്തമാണ്. ബിജെപി ഇതര മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍, സാമുദായിക നേതാക്കളേയെല്ലാം വേട്ടയാടാന്‍ ബിജെപി ഭരണകൂടം ഇഡി ഉള്‍പ്പെടേയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ കരുവാക്കിയതിന്റെ നിരവധി ഉദാഹരണങ്ങളുണ്ട്. പിണറായി വിജയന്റെ വീട്ടിലും മറ്റു 9 കേന്ദ്രങ്ങളിലും നടക്കുന്ന ഇ ഡി റെയ്ഡും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
അതേസമയം, സിഎംആര്‍എല്‍ മാസപ്പടി കേസില്‍ ഇഡി വീണാ വിജയന്റെ മൊഴിയെടുക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടില്‍ ആണ് മൊഴി എടുക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടില്‍ പിണറായി വിജയന്‍ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.
