കൊച്ചി: സംസ്ഥാന വ്യാപകമായി നടക്കുന്ന കേരള പൊലീസിന്റെ ഓപ്പറേഷൻ സൈ ഹണ്ടിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .60 വയസ്സുള്ള അമ്മയുടെ അക്കൗണ്ട് മകൻ ദുരുപയോഗം ചെയ്തു. അക്കൗണ്ടിലേക്ക് വന്നത് കോടികളെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം കളമശ്ശേരി സ്റ്റേഷൻ പരിധിയിലാണിത്. ഒളിവിൽ പോയ മകനെ തിരയുകയാണ് പോലീസ്. ഓപ്പറേഷൻ സൈ ഹണ്ടിൽ കൊച്ചി സിറ്റിയിൽ മാത്രം ഇതുവരെ അറസ്റ്റിലായത് 6 പേരാണ്.
കൂടാതെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ബോധവൽക്കരണവുമായി പൊലീസ്. റസിഡൻസ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം നടത്തും. സംശയകരമായ പണമിടപാടുകൾ അറിയിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകുമെന്നും പൊലീസ് അറിയിച്ചു.അതേ സമയം, ഓപ്പറേഷൻ സൈ ഹണ്ടിൽ കൊച്ചി നഗരത്തിൽ അറസ്റ്റിലായവർ എല്ലാവരും വിദ്യാർത്ഥികളെന്ന് സിറ്റി പൊലീസ് കമ്മിഷണർ ഇന്നലെ പ്രതികരിച്ചിരുന്നു. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന 300 അക്കൗണ്ടുകളും കൊച്ചിയിൽ നിന്ന് മാത്രം കണ്ടെത്തി. ഇവരെ ബന്ധിപ്പിക്കുന്ന പെരുമ്പാവൂർ സ്വദേശിക്കായി അന്വേഷണം തുടരുകയാണ്. ഏലൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് ഏലൂർ സ്വദേശി അഭിഷേക് ബിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
