കൊല്‍ക്കത്ത: ദേശീയ സുരക്ഷയ്ക്ക് മുൻഗണന നല്‍കിക്കൊണ്ട് പശ്ചിമ ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം പൂർണ്ണമായി നടപ്പിലാക്കിക്കൊണ്ട് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ചരിത്രപരമായ പ്രഖ്യാപനം.
നിയമവിരുദ്ധ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ മുഴുവൻ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും അവരെ അതിർത്തി രക്ഷാ സേനയ്ക്ക് കൈമാറി നാടുകടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാന സെക്രട്ടേറിയറ്റായ ‘നബന്ന’യില്‍ ബിഎസ്‌എഫ് ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി നിർണായക പ്രഖ്യാപനങ്ങള്‍ നടത്തിയത്. ‘കണ്ടെത്തുക, വോട്ടർപട്ടികയില്‍ നിന്ന് നീക്കുക, നാടുകടത്തുക’ എന്ന കർശനമായ നയമാണ് നുഴഞ്ഞുകയറ്റക്കാർക്കെതിരെ തന്റെ സർക്കാർ സ്വീകരിക്കുന്നതെന്ന് സുവേന്ദു അധികാരി വ്യക്തമാക്കി.
മുൻപ് അധികാരത്തിലിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സർക്കാർ വോട്ട് ബാങ്ക് ലക്ഷ്യമിട്ടും പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമായും അതിർത്തി സുരക്ഷയെ അട്ടിമറിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്താനും അവരെ ബിഎസ്‌എഫിന് കൈമാറാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2025 മെയ് 14-ന് തന്നെ സംസ്ഥാനങ്ങള്‍ക്ക് നിർദ്ദേശം നല്‍കിയിരുന്നതാണ്.
എന്നാല്‍ മുൻ സർക്കാർ ഈ ഉത്തരവ് നടപ്പാക്കാൻ തയ്യാറായില്ല. തങ്ങള്‍ അധികാരത്തിലേറി വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ അതിർത്തിയില്‍ വേലി കെട്ടുന്നതിനായി 75 ഏക്കർ ഭൂമി ബിഎസ്‌എഫിന് കൈമാറാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ ‘ലാൻഡ് ജിഹാദ്’, ‘ലവ് ജിഹാദ്’ തുടങ്ങിയ രാജ്യവിരുദ്ധ പ്രവർത്തനങ്ങള്‍ക്ക് അന്ത്യം കുറിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളില്‍ മതപരമായ പീഡനങ്ങള്‍ ഇരയായി 2024 ഡിസംബർ 31-ന് മുൻപ് ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദുക്കള്‍, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാഴ്സികള്‍, ക്രൈസ്തവർ എന്നിവരടങ്ങുന്ന ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് സിഎഎ പ്രകാരം പൗരത്വം ഉറപ്പാക്കും.
ഇവർക്കെതിരെ യാതൊരുവിധ നടപടിയും ഉണ്ടാകില്ല. എന്നാല്‍ ഈ ആനുകൂല്യങ്ങളുടെ പരിധിയില്‍ വരാത്ത, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായുള്ള മുഴുവൻ അനധികൃത നുഴഞ്ഞുകയറ്റക്കാരെയും അതിർത്തി കടത്തും. ഇതിനായി ബിഎസ്‌എഫും ബംഗ്ലാദേശ് അതിർത്തി രക്ഷാസേനയായ ബിജിബിയും സംയുക്തമായി പ്രവർത്തിക്കും. അതിർത്തിയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകള്‍ക്കും ഇതിനായുള്ള കടുത്ത നിർദ്ദേശം നല്‍കിക്കഴിഞ്ഞതായും മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി.
