കണ്ണൂർ: ജനവിധി പൂർണമായി അംഗീകരിക്കുന്നതായും കൂടുതല്‍ കരുത്തോടെ എല്‍ഡിഎഫ് തിരിച്ചുവരുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
പരാജയം സിപിഎമ്മിന്റെയോ. എല്‍ഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. ഇതുപോലുള്ള അനേകം ഘട്ടങ്ങള്‍ ഞങ്ങള്‍ തരണംചെയ്തിട്ടുണ്ടെന്നും കൂടുതല്‍ ജനപിന്തുണയോടെ തിരിച്ചുവരുമെന്നും പിണറായി കണ്ണൂരില്‍ പറഞ്ഞു. ക്രിയാത്മകമായ പ്രതിപക്ഷമായി തങ്ങള്‍ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാനിടയായി. ഒരു ഭരണമാറ്റം വേണമെന്നാണ് ജനങ്ങള്‍ വിധിയെഴുതിയത്. ആ ജനവിധി ഞങ്ങള്‍ പൂർണമായും അംഗീകരിക്കുന്നു. ആ ജനവിധി അംഗീകരിച്ചുകൊണ്ടുതന്നെ ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. എന്തൊക്കെയാണോ ഞങ്ങള്‍ നടപ്പാക്കിയ കാര്യങ്ങള്‍, അതില്‍ ഞങ്ങള്‍ക്കൊരു ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാടിനെ പുരോഗതിയിലേക്ക് നയിക്കുക.’
‘അതുപോലെ മാതൃകാപരമായ രീതിയില്‍ കഴിഞ്ഞ പത്തുവർഷം കൊണ്ട് കേരളത്തിന് ഉയർന്നുവരാൻ കഴിഞ്ഞു എന്നുതന്നെയാണ് ഞങ്ങള്‍ കാണുന്നത്. ഇതിന് തുടർച്ചവേണം. ആ തുടർച്ച ഞങ്ങള്‍ക്ക് മാത്രമേ നടത്താനാവൂ എന്ന് പറയുന്നില്ല. ആ നിർബന്ധവും ഞങ്ങള്‍ക്കില്ല. ജനവിധി വന്നിരിക്കുന്നു. ആ വിധിയുടെ ഭാഗമായി തുടർപ്രവർത്തനങ്ങള്‍ നടത്തേണ്ടത് യുഡിഎഫ് സർക്കാരാണ്. യുഡിഎഫ് സർക്കാർ നാടിന്റെ അഭിവൃദ്ധിക്ക്, ജനങ്ങളുടെ ക്ഷേമത്തിന് ഉതകുന്നവയെല്ലാം നടപ്പാക്കണം എന്നതാണ് ഞങ്ങളുടെ നിലപാട്. അത് നടപ്പാക്കുമ്പോള്‍ ക്രിയാത്മകമായ പിന്തുണയും നല്‍കും.’
‘എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി ഏതെങ്കിലും തരത്തില്‍ നാടിന്റെ താത്പര്യത്തിനോ, ജനങ്ങളുടെ ക്ഷേമത്തിനോ വിരുദ്ധമായ നടപടികളുണ്ടായാല്‍ അവയെല്ലാം അതിശക്തമായി എതിർക്കുന്ന നിലപാട് സ്വീകരിക്കും. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പരാജയം സിപിഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. ഇതുപോലുള്ള അനേകം ഘട്ടങ്ങള്‍ ഞങ്ങള്‍ തരണംചെയ്തിട്ടുണ്ട്. ഒരുസംശയവുമില്ല, കൂടുതല്‍ ജനപിന്തുണയോടെ കൂടുതല്‍ കരുത്തോടെ സിപിഎമ്മും എല്‍ഡിഎഫും തിരിച്ചുവരും.’ – പിണറായി വിജയൻ കൂട്ടിച്ചേർത്തു.
