ഓണറേറിയം വര്‍ധിപ്പിച്ചതിന്റെ സന്തോഷത്തില്‍ ആശമാര്‍; സെക്രട്ടറിയേറ്റിന് മുന്നില്‍ ഒത്തുകൂടി, പായസം പങ്കിട്ടും പ്രകടനം നടത്തിയും ആഘോഷം

Spread the love

തിരുവനന്തപുരം: ഓണറേറിയം വർധിപ്പിച്ച യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിന് നന്ദി അറിയിച്ച്‌ ആശമാർ. സെക്രട്ടറിയേറ്റിന് മുന്നില്‍ ഒത്തുകൂടിയ ആശാവർക്കർമാർ ആദ്യ നിയമസഭാ ചേരുന്ന ഇന്നേ ദിവസം തന്നെ പായസം പങ്കിട്ടും പ്രകടനം നടത്തിയും സന്തോഷം പങ്കുവെച്ചു.

തങ്ങളുടെ സമരം വിജയം കണ്ടതിലുള്ള ആഹ്ലാദത്തിലായിരുന്നു അവർ. ആശമാരുടെ കണ്ണുനീരാണ് എല്‍ഡിഎഫ് സർക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കിയതെന്നാണ് ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ പ്രതികരിച്ചത്.

2025 ഫെബ്രുവരി 10നാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശമാർ സമരം ആരംഭിച്ചത്. ഒന്നേകാല്‍ വർഷമിപ്പുറം ആശമാർ ഒരിക്കല്‍ കൂടി സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തി.അത് തങ്ങളുടെ സമരം വിജയം കണ്ടെത്തിലുള്ള സന്തോഷത്തിലായിരുന്നു. മാത്രമല്ല പുതിയ സർക്കാരിന് 3000 രൂപ ഓണറേറിയം കൂട്ടിയതിന് നന്ദി അറിയിക്കാനും. ഹാസത്തിലും അവഗണയിലും തകർക്കാൻ ശ്രമിച്ച സമര ദിവസങ്ങള്‍ അവർ ഓർത്തെടുത്തു. 266 ദിവസത്തെ രാപ്പകല്‍ സമരം. പെരുമഴയത്ത് പോലീസ് അഴിച്ച്‌ മാറ്റിയ ടാർപോളിൻ ഷീറ്റുകള്‍, പിടിച്ചെടുത്ത മൈക്ക് സെറ്റ്, സമരം കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച സർക്കാരിനെ ഉണർത്താൻ മുടിമുറിച്ചും നിരാഹാരം കിടന്നുമുള്ള സമര ദിവസങ്ങള്‍ ആശമാരുടെ മനസ്സില്‍ നിന്നും ഒരിക്കലും മായില്ല.

ആദ്യം മുതല്‍ ആശസമരത്തിന് ഒപ്പം നിന്ന സാമൂഹിക, സാംസ്കാരിക പ്രവർത്തകരും ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തി സന്തോഷം പങ്കിട്ടു. ആശസമരത്തെ അനുകൂലിച്ചതിനാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് തുറന്ന പറഞ്ഞ നടൻ പ്രേംകുമാറും നന്ദി പ്രകടനവേദിയിലെത്തി. സമരകാലത്ത് സെക്രട്ടറിയേറ്റിന് മുന്നിലെ സമരവേദിയിലായിരുന്നു ആശമാർ തങ്ങളുടെ ഓണവും വിഷുവും ഈസ്റ്ററും എല്ലാം ആഘോഷിച്ചത്. ഇന്ന് സമര വിജയവും അതേ സെക്രട്ടറിയേറ്റിന് മുന്നില്‍ തന്നെ അവർ ആഘോഷിച്ചു. അതേസമയം, 21,000 രൂപ ഓണറേറിയവും വിരമിക്കല്‍ ആനുകൂല്യവും ലഭിക്കുന്നത് വരെ തങ്ങള്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ആശമാർ പുതിയ സർക്കാരിനെ ഓർമ്മപ്പെടുത്തുകയും ചെയ്തു.

You cannot copy content of this page