Breaking News

പാർക്കിൽ യുവതിയെയും കുഞ്ഞിനെയും ആക്രമിച്ചു; ഇന്ത്യക്കാരൻ അറസ്റ്റിൽ, സ്ഥിരം കുറ്റവാളിയെന്ന് ICE

Spread the love

ടെക്‌സസ്: സാൻ അന്റോണിയോയിൽ ഗബ്രിയേല പെരസ് എന്ന യുവതിയെയും അവരുടെ മൂന്ന് വയസ്സുകാരിയായ മകളെയും അതിക്രൂരമായി ആക്രമിച്ച കേസിൽ അഥർവ വ്യാസ് (24) എന്ന ഇന്ത്യൻ പൗരൻ ടെക്‌സസിൽ അറസ്റ്റിലായി. ഏപ്രിൽ 18-നാണ് സാൻ അന്റോണിയോ പാർക്കിൽവെച്ച് യുവതിയും കുഞ്ഞും ആക്രമണത്തിനിരയായത്. അറസ്റ്റിന് പിന്നാലെ പ്രതിയെ തങ്ങൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഐസിഇ (Immigration and Customs Enforcement) രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെയും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള അഥർവയുടെ വിസ 2025-ൽ റദ്ദാക്കിയിരുന്നതായും ഇയാൾ നിയമവിരുദ്ധമായാണ് യുഎസിൽ താമസിച്ചിരുന്നതെന്നും ഐസിഇ വ്യക്തമാക്കി. സംഭവദിവസം വൈകുന്നേരം മൂന്നുമണിയോടെയാണ് ഗബ്രിയേലയ്ക്കും മകൾക്കും നേരെ വ്യാസിന്റെ ആക്രമണമുണ്ടായത്. കുഞ്ഞിനെയും കൈയിലെടുത്ത് പാർക്കിൽ നടക്കുകയായിരുന്ന ഗബ്രിയേലയെ അഥർവ പിന്നിൽനിന്നു മുടിയിൽപിടിച്ച് വലിക്കുകയായിരുന്നു.
അപ്രതീക്ഷിതമായ ആക്രമണത്തിൽ അമ്മയും കുഞ്ഞും താഴെവീണു. നിലത്തുവീണ കുഞ്ഞിനെ പ്രതി കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. മൂന്നു വയസുകാരിക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കുകയും രണ്ട് പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു. കുട്ടിയുടെ ദേഹത്ത് കടിയേറ്റ പാടുകളുമുണ്ട്. പോലീസ് എത്തുമ്പോഴേക്കും സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാൾ അഥർവിനെ പിടിച്ചുകെട്ടിയിരുന്നതായി ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (DHS) പറയുന്നു.

2023 ഓഗസ്റ്റിൽ സ്റ്റുഡന്റ് വിസയിൽ അമേരിക്കയിലെത്തിയ അഥർവ, മൂന്നുമാസത്തിനുള്ളിൽ തന്നെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് കാമ്പസിൽവെച്ച് നടത്തിയ മാരകമായ ആക്രമണത്തിന് അറസ്റ്റിലായി. പിന്നാലെ, അഭയാർത്ഥി നിയമങ്ങൾ ലംഘിക്കപ്പെട്ടു എന്ന് കാണിച്ച് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് പോലീസ് ഐസിഇയെ ബന്ധപ്പെട്ടു. ‘എന്നിട്ടും, ബൈഡൻ ഭരണകൂടം ഈ കുറ്റം വിസ റദ്ദാക്കാൻ തക്കവിധം ‘ക്രൂരമല്ല’ എന്ന് വിലയിരുത്തുകയും അഥർവയെ നടപടികളൊന്നും എടുക്കാതെ വിടുകയും ചെയ്തു.’ ഡിഎച്ച്എസ് ഉദ്യോഗസ്ഥർ പറയുന്നു.

പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന ശേഷം തങ്ങൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നിൽ വിചാരണ നേരിട്ട ശേഷം വ്യാസിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഐസിഇ സാൻ അന്റോണിയോ അധികൃതർക്ക് അപേക്ഷ നൽകിയതായി ഡിഎച്ച്എസ് അറിയിച്ചു.

‘ചുമത്തപ്പെട്ട കുറ്റങ്ങളിൽ വിചാരണ നേരിട്ട ശേഷം, വ്യാസിനെ സമൂഹത്തിലേക്ക് സ്വതന്ത്രനായി വിടുന്നതിന് പകരം ഐ.സി.ഇ-ക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക നിയമപാലകർക്ക് ഐസിഇ അപേക്ഷ നൽകിയിട്ടുണ്ട്.’ അവർ എക്‌സിൽ കുറിച്ചു.

‘ആക്രമണത്തിന് അറസ്റ്റിലായതിന് പിന്നാലെ ഈ ‘മൃഗ’ത്തെ ബൈഡൻ ഭരണകൂടം ഒരിക്കലും വിട്ടയക്കാൻ പാടില്ലായിരുന്നു. നിയമവിരുദ്ധമായി ഇവിടെ തുടരുന്ന ഈ കുറ്റവാളിയായ വിദേശി ഇനി ഒരിക്കലും അമേരിക്കൻ സമൂഹത്തിൽ സ്വതന്ത്രനായി നടക്കില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ടെക്‌സസിലെ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുകയാണ.്’ ആക്ടിങ് അസിസ്റ്റന്റ് സെക്രട്ടറി ലോറൻ ബിസ് പറഞ്ഞു.

You cannot copy content of this page