കോഴിക്കോട്: രാജ്യത്ത് ഏപ്രിൽമുതൽ ജൂലായ് വരെ 18,262 വേനൽക്കാല പ്രത്യേക തീവണ്ടിസർവീസുകൾ റെയിൽവേ നടത്തുമ്പോൾ കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേക്ക് കിട്ടിയത് വെറും 558 സർവീസുകൾമാത്രം. 72 തീവണ്ടികൾ ഉപയോഗിച്ചാണ് ഇത്രയും സർവീസുകൾ നടത്തുന്നത്.
ഇതിൽത്തന്നെ ചെന്നൈ എഗ്മോർ-തിരുവനന്തപുരം, മംഗളൂരു, എറണാകുളം-മുസഫർപ്പുർ, ഹുബ്ബള്ളി-കൊല്ലം, തിരുവനന്തപുരം-ന്യൂ ടിൻസുകിയ, തിരുവനന്തപുരം നോർത്ത്-സാന്ദ്രഗാച്ചി, യശ്വന്തപുര-കണ്ണൂർ, നാഗർകോവിൽ-ഷാലിമാർ തുടങ്ങിയ സർവീസുകളാണ് കേരളത്തിനുള്ളത്. ബെംഗളൂരുവിൽനിന്നുള്ളവയാകട്ടെ സൗത്ത് വെസ്റ്റേൺ റെയിൽവേ നടത്തുന്ന സ്പെഷ്യൽ സർവീസുകളാണ്. സൗത്ത് വെസ്റ്റേൺ റെയിൽവേയിലും വേനൽക്കാല സർവീസുകൾ കുറവാണ്. 76 തീവണ്ടികൾ ഉപയോഗിച്ച് 509 സർവീസുകൾമാത്രമാണ് അനുവദിച്ചത്.
ഏറ്റവും കൂടുതൽ സർവീസുകൾ അനുവദിച്ചത് സെൻട്രൽ റെയിൽവേയിലാണ്- 3082 എണ്ണം. 74 തീവണ്ടികൾ ഉപയോഗിച്ചാണ് ഇത്രയും സർവീസുകൾ. ഇത്രതന്നെ തീവണ്ടികളുണ്ടായിട്ടും ദക്ഷിണ റെയിൽവേയിലുള്ളത് സെൻട്രൽ റെയിൽവേയുടെ അഞ്ചിലൊന്ന് സർവീസുകൾമാത്രം. 2711 സർവീസുകളുമായി ഈസ്റ്റ് സെൻട്രൽ റെയിൽവേയാണ് രണ്ടാമത്. 64 തീവണ്ടികളാണ് ഇതിനായി ഉപയോഗിക്കുന്നത്.
2245 സർവീസുകളുമായി നേർത്ത് വെസ്റ്റേൺ റെയിൽവേ, 2090 സർവീസുമായി നോർത്തേൺ റെയിൽവേ, 2078 സർവീസുമായി പശ്ചിമ റെയിൽവേ, 1184 സർവീസുകളുമായി സൗത്ത് സെൻട്രൽ റെയിൽവേ എന്നിവയാണ് പട്ടികയിൽ മുന്നിലുള്ളവ. നോർത്ത് സെൻട്രൽ (1163), നോർത്ത് ഈസ്റ്റേൺ (814), ഈസ്റ്റ് കൊസ്റ്റ് (410), വെസ്റ്റ് സെൻട്രൽ (408), ഈസ്റ്റേൺ (392), സൗത്ത് ഈസ്റ്റേൺ (276), നോർത്ത് ഈസ്റ്റ് ഫ്രോൺടിയർ (220), സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ (122) എന്നിങ്ങനെയാണ് മറ്റ് സോണുകളിലെ സർവീസ്.
ബംഗാളിലും അസമിലും തമിഴ്നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പായതിനാൽ അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക് പോയിരുന്നു. ചെന്നൈ, ബെംഗളൂരു വണ്ടികളിലും മറ്റ് പ്രതിവാര വണ്ടികളിലും അതിനാൽ വൻതിരക്കാണ് ഇക്കാലയളവിൽ അനുഭവപ്പെട്ടത്. എന്നിട്ടും തുച്ഛമായ സർവീസുകൾമാത്രമാണ് കേരളത്തിന് കിട്ടിയത്.
