ആലപ്പുഴ∙ അറബിക്കടലിൽ ചൂട് പതിവിലേറെ കൂടുകയും ഉയർന്ന താപനില മൂന്നാഴ്ചയിലേറെയായി തുടരുകയും ചെയ്തതോടെ മത്തി ഉൾപ്പെടെ ഉപരിതല മീനുകൾ പ്രാണരക്ഷാർഥം ‘പലായനത്തിൽ’. കേരള തീരത്തു സുലഭമായിരുന്ന മത്തി താരതമ്യേന ചൂട് കുറവുള്ള ആന്ധ്രപ്രദേശ്, ഒഡീഷ തീരങ്ങളിലേക്കാണു നീങ്ങിയതെന്നു കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് സ്റ്റഡീസ്(കുഫോസ്) കണ്ടെത്തി. കടുത്ത ചൂട് സാരമായി ബാധിക്കുന്ന മീനുകളിലൊന്നാണ് മത്തി.
മറ്റ് ഉപരിതല മീനുകളായ അയല, കിളിമീൻ തുടങ്ങിയവയും കേരള തീരം വിടുകയോ താരതമ്യേന ചൂട് കുറഞ്ഞ ആഴക്കടലിലേക്കു നീങ്ങുകയോ ചെയ്യുന്നതായും കണ്ടെത്തി. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ട്രോളർ ബോട്ടുകൾക്ക് ഇപ്പോൾ അയല ധാരാളമായി കിട്ടുന്നത് ഇവ ആഴക്കടലിലേക്കു നീങ്ങിയതിന്റെ സൂചനയാണ്. മഴക്കാലം എത്തുന്നതോടെ കടൽ താപനില താഴും. അപ്പോൾ തിരിച്ച് കേരളതീരത്തേക്കും മീനുകളുടെ പലായനം ഉണ്ടാകുമെന്നാണു പ്രതീക്ഷ.
കടലിൽ ചൂട് ഒരു ഡിഗ്രി കൂടുമ്പോൾ അനുഭവപ്പെടുന്നത് നാലിരട്ടി
അറബിക്കടലിൽ ചൂട് കൂടിയതു കേരളത്തിൽ 4 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടാനും മഴ കുറയാനും ഇടയാക്കുന്നെന്നു കാലാവസ്ഥാ ഗവേഷകർ. ശരാശരിയെക്കാൾ 0.8 മുതൽ ഒരു ഡിഗ്രി സെൽഷ്യസ് വരെയാണ് അറബിക്കടലിൽ ചൂട് കൂടിയത്. 28 ഡിഗ്രി സെൽഷ്യസ് വരെ എത്തിയ സ്ഥിതിയുണ്ടായെന്നു കുസാറ്റിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ എം.ജി.മനോജ് പറഞ്ഞു. കടലിൽ ചൂട് കൂടിയതോടെ കൂടുതൽ ജലം നീരാവിയായി അന്തരീക്ഷത്തിലെത്തുന്നു.
ഇത് അന്തരീക്ഷ ആർദ്രത വർധിപ്പിക്കുന്നു.ഉയർന്ന ചൂടും ഉയർന്ന ആർദ്രതയും വരുമ്പോൾ ഉള്ളതിലേറെ ചൂടായിരിക്കും അനുഭവപ്പെടുക. ഉദാഹരണത്തിന്, 75 ശതമാനത്തിലേറെയാണ് അന്തരീക്ഷ ആർദ്രതയെങ്കിൽ യഥാർഥ താപനിലയെക്കാൾ 4 ഡിഗ്രി ഉയർന്ന ചൂടാകും അനുഭവപ്പെടുക. ഫലത്തിൽ, കടലിൽ ഒരു ഡിഗ്രി ചൂട് കൂടുമ്പോൾ കരയിൽ 3 ഡിഗ്രിയിലേറെ അനുഭവപ്പെടും. കടലിൽ തുടർച്ചയായി ചൂട് ഉയർന്നു നിൽക്കുകയാണ്. കരയിൽ ചൂട് അസഹനീയമായി അനുഭവപ്പെടാൻ ഇതും കാരണമാണെന്നു മനോജ് പറഞ്ഞു.
