Breaking News

‘കേരളത്തിലേക്ക് കൊണ്ടുപോയത് അഭിനയിപ്പിക്കാനെന്ന് പറഞ്ഞ്’; പിന്നെ കേട്ടത് വിവാഹവാർത്ത; മകളെ തിരികെ വേണമെന്ന് മാതാപിതാക്കൾ

Spread the love

ന്യൂഡൽഹി: മഹാകുംഭമേള സമയത്ത് സാമൂഹികമാധ്യമങ്ങളിൽ വൈറലായ പെൺകുട്ടിയുടെ വിവാഹം സംബന്ധിച്ച പരാതിയിൽ ദേശീയ പട്ടികവർഗ കമ്മിഷനുമുന്നിൽ ഹാജരായി കേരളാ പോലീസ്. രേഖകൾ പരിശോധിച്ചുറപ്പാക്കിയിരുന്നെന്നും തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ലെന്നുമാണ് കമ്മിഷനെ പോലീസ് അറിയിച്ചത്. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി. ജെ. ഹിമേന്ദ്രനാഥാണ് ബുധനാഴ്ച ഡൽഹിയിൽ കമ്മിഷനുമുന്നിൽ ഹാജരായത്. മധ്യപ്രദേശ് പോലീസും പെൺകുട്ടിയുടെ മാതാപിതാക്കളും എത്തിയിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കുടുംബം അവകാശപ്പെട്ടതോടെയാണ് വിവാഹം നിയമക്കുരുക്കിലായത്.

സംഭവത്തിൽ കേസെടുത്ത് പോക്സോ നിയമപ്രകാരവും ബാലവിവാഹ നിരോധന നിയമപ്രകാരവും നടപടിയെടുക്കാൻ കമ്മിഷൻ നിർദേശിച്ചതായി പരാതിക്കാരനായ അഭിഭാഷകൻ പ്രഥം ദുബെ മാധ്യമങ്ങളോടു പറഞ്ഞു.

പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായിട്ടും പ്രതിയെ അറസ്റ്റുചെയ്യാൻ വൈകുന്നതെന്താണെന്ന് കമ്മിഷൻ ചെയർപേഴ്‌സൺ അന്തർ സിങ് ആര്യ ചോദിച്ചതായി അഭിഭാഷകൻ പറഞ്ഞു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് കേരളാ പോലീസും മധ്യപ്രദേശ് പോലീസും അറിയിച്ചു.

പെൺകുട്ടിയുടെ ഭർത്താവ് മുഹമ്മദ് ഫർമാൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കേരള ഹൈക്കോടതി അറസ്റ്റിൽ ഇടക്കാല സംരക്ഷണം നൽകിയിരിക്കുന്നതും വിശദീകരിച്ചു. ഗോത്രവിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ലവ് ജിഹാദിന് ഇരയാക്കിയെന്ന് പരാതിക്കാരനായ അഭിഭാഷകൻ ആരോപിച്ചു. രാഷ്ട്രീയനേതാക്കളുടെ ഇടപെടലിൽനിന്നുതന്നെ സംഭവത്തിലെ ഗൂഢാലോചന വ്യക്തമാണെന്നും അഭിഭാഷകൻ ആരോപിച്ചു.

മകളെ തിരികെ വേണമെന്ന് മാതാപിതാക്കൾ

മകളെ കബളിപ്പിച്ച് കടത്തിക്കൊണ്ടുപോയതാണെന്നും എത്രയും വേഗം തിരിച്ചെത്തിക്കണമെന്നും കമ്മിഷനിൽ ഹാജരായതിനുശേഷം പെൺകുട്ടിയുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. നിരക്ഷരരായ തങ്ങളെ പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാൻ തെറ്റിദ്ധരിപ്പിച്ചു. സിനിമയിൽ അഭിനയിപ്പിക്കാൻ മകളെ കേരളത്തിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് ഫർമാൻ പറഞ്ഞത്. പക്ഷേ, പിന്നീട് വിവാഹ വാർത്തയാണറിഞ്ഞത്. ഫർമാന് അനുകൂലമായ മൊഴി മകളെക്കൊണ്ട് നിർബന്ധിച്ച് പറയിപ്പിച്ചതാകും -വികാരാധീനരായി മാതാപിതാക്കൾ പറഞ്ഞു.

You cannot copy content of this page