ആലപ്പുഴ∙ ജില്ലയിൽ അടുത്ത ദിവസങ്ങളിൽ കനത്ത ചൂട് അനുഭവപ്പെടാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വിഭാഗം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 36, 37 ഡിഗ്രി ചൂടാണു ജില്ലയിൽ അനുഭവപ്പെടുന്നത്. ഇന്നും നാളെയും ഇതേ താപനില തുടരുമെന്നാണു കാലാവസ്ഥ ഗവേഷകർ പറയുന്നത്. ചൂടു കാരണം ജില്ലയിൽ മഞ്ഞ മുന്നറിയിപ്പു പ്രഖ്യാപിച്ചു. ദിവസങ്ങളായി യുവി സൂചിക 8, 9 പോയിന്റുകളിൽ തന്നെയാണ്. ഇതോടെ അതീവ ജാഗ്രത നിർദേശമുള്ള ഓറഞ്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ചെങ്ങന്നൂരാണു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ യുവി പരിശോധനായന്ത്രമുള്ളത്.
സൂര്യൻ ദക്ഷിണാർധ ഗോളത്തിൽ നിന്ന് ഉത്തരാർധ ഗോളത്തിലേക്കു മാറുന്ന സമയമായതിനാൽ അടുത്ത ദിവസങ്ങളിലും കനത്ത ചൂട് അനുഭവപ്പെടും. ഭൂമധ്യരേഖയ്ക്കു സമീപത്തായാണ് ഇപ്പോൾ സൂര്യന്റെ സ്ഥാനം. ഇതുകാരണം ഭൂമധ്യരേഖയ്ക്കു സമീപമുള്ള കേരളം ഉൾപ്പെടെയുള്ള മേഖലകളിൽ സൂര്യരശ്മികൾ കുത്തനെ പതിക്കും. ഇതു ചൂട് കൂടാനും അൾട്രാ വയലറ്റ് രശ്മികൾ കൂടാനും ഇടയാക്കും. ഇത് അപകടകരമായ സാഹചര്യം സൃഷ്ടിക്കും.
ചൂടിനൊപ്പം ആർദ്രത കൂടിയാകുന്നതോടെ 40 ഡിഗ്രിയിലധികം ചൂടാണ് അനുഭവപ്പെടുന്നത്. ഇതോടെ ശരീരം പുഴുങ്ങുന്നതു പോലെയാണ് അനുഭവപ്പെടുന്നത്. വെയിലത്തു ജോലി ചെയ്യുന്നവരും കച്ചവടക്കാരും നിർജലീകരണവും നേരിടുന്നുണ്ട്.
