Breaking News

ഇനി ചൈന വേണ്ട: തദ്ദേശീയമായി ഡ്രോൺ നിർമിക്കാൻ 1,800 കോടിയുടെ പദ്ധതിയുമായി സർക്കാർ

Spread the love

പ്രതിരോധം ശക്തിപ്പെടുത്താൻ 1,800 കോടി രൂപയുടെ ഡ്രോൺ പദ്ധതിയുമായി സർക്കാർ. ഡ്രോൺ നിർമാണത്തിന് ചൈന ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഇറക്കുമതി കുറച്ച് പ്രതിരോധ ആവശ്യങ്ങൾക്കും കയറ്റുമതിക്കുമായി തദ്ദേശീയ സാങ്കേതിക വിദ്യ വികസിപ്പിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഡ്രോണുകളുടെ നിർണായക ഘടകഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കാൻ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയിൽ നവീന സാധ്യതകൾ പരീക്ഷിക്കാനാകും വൻ തുക നീക്കിവെയ്ക്കുക. 2030ഓടെ ഡ്രോൺ ഉത്പാദനത്തിന്റെയും സേവനത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുകയെന്നതും ലക്ഷ്യമാണ്.

ഉത്പന്ന കേന്ദ്രീകൃത ആനുകൂല്യ പദ്ധതി(പിഎൽഐ) മാതൃകയിലാകും കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുക. ഗവേഷണങ്ങൾക്കും വികസനത്തിനുമായി 600 കോടി രൂപവരെ ചെലവഴിക്കും. നവീന രൂപകല്പന, ഗവേഷണം എന്നിവയ്ക്കാകും പിന്തുണ നൽകുക. നിർമാണ പ്രോത്സാഹനത്തിനായി 1,200 കോടിയും നീക്കിവെയ്ക്കും. എയർഫ്രെയ്മുകൾ, മോട്ടോറുകൾ തുടങ്ങിയ ഭാഗങ്ങൾ നിർമിക്കുന്നതിനും വില്പനയ്ക്കുമാകും ഈ സഹായം നൽകുക.

ഇന്ത്യൻ ഡ്രോൺ വിപണിയിലെ ചെറുകിട കമ്പനികൾ നിലവിൽ ഘടകഭാഗങ്ങളുടെ 50 ശതമാനത്തിലധികവും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യസുരക്ഷയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുന്ന തരത്തിലുള്ള ആശ്രിതത്വം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അതിനായി ഡ്രോണിന്റെ ചട്ടക്കൂടായ എയർഫ്രെയിമുകൾ മുതൽ സങ്കീർണ്ണമായ ഫ്‌ലൈറ്റ് കൺട്രോളറുകൾ വരെ ഇന്ത്യയിൽ തന്നെ നിർമിക്കേണ്ടതുണ്ട്.

ഇന്ത്യയിൽ ഉത്പാദിപ്പിക്കേണ്ട ഘടകഭാഗങ്ങൾ:

എയർഫ്രെയിമുകൾ: ഡ്രോണിന്റെ ചട്ടക്കൂട്.
പ്രൊപ്പല്ലറുകൾ: ഡ്രോണിന്റെ ചലനശേഷി നിയന്ത്രിക്കുന്ന ഭാഗങ്ങൾ.
മോട്ടോറുകൾ: ഡ്രോണിന് കരുത്ത് പകരുന്ന വൈദ്യുത മോട്ടോറുകൾ.
ജിപിഎസ് മൊഡ്യൂളുകൾ: കൃത്യമായ സ്ഥാനനിർണയത്തിനുള്ള ആധുനിക സംവിധാനങ്ങൾ.
സെൻസറുകൾ: ഡാറ്റ ശേഖരണത്തിനും നിരീക്ഷണത്തിനുമുള്ള സെൻസറുകൾ.
ഫ്‌ളൈറ്റ് കൺട്രോളറുകൾ: ഡ്രോണിന്റെ മസ്തിഷ്‌കമായി പ്രവർത്തിക്കുന്ന നിയന്ത്രണ സംവിധാനം.
ലിഥിയം പോളിമർ ബാറ്ററികൾ: ഡ്രോണിന് ആവശ്യമായ ഊർജസ്രോതസ്സ്.

ഉപയോഗം മറ്റുമേഖലകളിലേക്കും

ഡ്രോൺ സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സമഗ്ര പദ്ധതിയാണ് അവതരിപ്പിക്കുന്നത്. 12 മന്ത്രാലയങ്ങളുടെ ഏകോപനം പദ്ധതിയിലുണ്ടാകും. കൃഷി, അടിസ്ഥാന സൗകര്യ പരിശോധന, ലോജിസ്റ്റിക്‌സ്, പ്രതിരോധം എന്നീ മേഖലകളിൽ ഡ്രോണുകൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃഷിയിൽ കീടനാശിനി തളിക്കുന്നതിനും വിളകളുടെ ആരോഗ്യം വിലയിരുത്തുന്നതിനും പ്രയോജനപ്പെടുത്താം. അതിർത്തി സുരക്ഷയിലും നിരീക്ഷണത്തിലും ഡ്രോണുകൾ ഇന്ത്യയുടെ കരുത്ത് വർധിപ്പിക്കും. മരുന്നുകളും അവശ്യവസ്തുക്കളും ദുർഘടമായ പ്രദേശങ്ങളിൽ എത്തിക്കാൻ ലോജിസ്റ്റിക്‌സ് ഡ്രോണുകൾ സഹായിക്കും.

വിപണി സാഹചര്യം
നിലവിൽ 4,500 കോടി രൂപ മൂല്യമുള്ള ഇന്ത്യൻ ഡ്രോൺ വിപണി 2028-ഓടെ 1.66 ലക്ഷം കോടിയായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദാനി ഡിഫൻസ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ഐഡിയഫോർജ്, ന്യൂസ്‌പേസ് റിസർച്ച് ആൻഡ് ടെക്‌നോളജീസ് തുടങ്ങിയ വൻകിട കമ്പനികൾ ഈ രംഗത്ത് മുൻപന്തിയിലുണ്ട്. അതേസമയം, വൻകിട കമ്പനികൾക്ക് മാത്രം ആനുകൂല്യങ്ങൾ ലഭിക്കുന്നത് വളർച്ചക്ക് ഗുണകരമാകില്ലെന്നാണ് വിലയിരുത്തൽ. ചെറുകിട സംരംഭകർക്കും സഹായം ലഭിച്ചാൽ മാത്രമേ ആരോഗ്യകരമായ അന്തരീക്ഷം രൂപപ്പെടൂ എന്നാണ് വിലയിരുത്തൽ.

ഇന്ത്യൻ ഡ്രോൺ വ്യവസായത്തിന്റെ വളർച്ചയുടെ കരുത്തായി മാറുന്നത് ‘ഭാരത് ഡ്രോൺ സ്റ്റാക്ക്’ ആണ്. ഡ്രോൺ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (DFI) കീഴിലുള്ള ഈ പ്ലാറ്റ്ഫോമിൽ 204 ഘടകഭാഗ നിർമാതാക്കളാണ് അംഗങ്ങളായിട്ടുള്ളത്.

You cannot copy content of this page