മലപ്പുറം: കൂട്ടിലങ്ങാടി പെരുന്താട്ടിൽ കല്യാണം മുടക്കിയതിന്റെ പേരിൽ കൂട്ടയടി. വിവാഹം മുടക്കിയത് ചോദ്യം ചെയ്ത പെൺകുട്ടിയുടെ കുടുംബത്തിനെ പെരിന്താറ്റിരി സ്വദേശിയായ യുവാവും സുഹൃത്തുക്കളും ചേർന്ന് മർദിക്കുകയായിരുന്നു. സംഭവത്തിൽ മലപ്പുറം പോലീസ് അന്വേഷണം തുടങ്ങി.
വിവാഹം മുടക്കിയതിനെക്കുറിച്ച് പരാതി പറയാനായി ഒളപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയുടെ ബന്ധുക്കൾ പെരിന്താറ്റിരി സ്വദേശിയായ യുവാവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം.
മറ്റൊരു യുവാവുമായി പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. പ്രതിശ്രുതവരന്റെ വീട്ടിലെത്തി യുവാവ് തോക്ക് കാട്ടി ഭീഷണിപ്പെടുത്തി വിവാഹത്തിൽനിന്ന് പിന്തിരിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ വീട്ടുകാരുടെ ആരോപണം.
ഇത് ചോദ്യം ചെയ്യാനാണ് പെൺകുട്ടിയുടെ കുടുംബം യുവാവിന്റെ വീട്ടിലെത്തിയത്. സംസാരിക്കുന്നതിനിടെ യുവാവും സുഹൃത്തുക്കളും ചേർന്ന് യുവതിയുടെ ബന്ധുക്കളെ മർദിച്ചു.
കൂട്ടയടിയിൽ പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കും മർദനമേറ്റു. വിവാഹം മുടക്കിയ യുവാവും സുഹൃത്തുക്കളും ചേർന്നാണ് മർദിച്ചതെന്ന് പെൺകുട്ടിയുടെ കുടുംബം മലപ്പുറം പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇതുൾപ്പടെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
