ശബരിമല സ്വര്‍ണ്ണകൊള്ള സമയം എടുത്ത് അന്വേഷിക്കേണ്ട കേസെന്ന് ഹൈക്കോടതി. ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണം നടത്തുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നിരീക്ഷണം. പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞു എന്നത് കൊണ്ട് അന്വേഷണത്തില്‍ ഇടപെടാന്‍ ആകില്ലെന്നും ഹൈക്കോടതി പറഞ്ഞു. സുപ്രീംകോടതി പറയുമ്പോഴാണ് അവസാന വാക്കെന്നും കോടതി വ്യക്തമാക്കി.കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നുവെന്ന് പ്രതിപക്ഷം വ്യാപകമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് എസ്‌ഐടിക്ക് വളരെ ആശ്വാസകരമായ നിരീക്ഷണം ഹൈക്കോടതിയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. വിജിലന്‍സ് കോടതിയുടെ നീരിക്ഷണങ്ങള്‍ ഗൗരവതരമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചുവെങ്കിലും കോടതിക്ക് അന്വേഷണത്തില്‍ ഇടപെടാന്‍ ആകില്ലെന്നും മോണിറ്റര്‍ ചെയ്യാന്‍ മാത്രമാണ് സാധിക്കുകയെന്നും കോടതി വ്യക്തമാക്കി.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രത്യേക അന്വഷണസംഘം ഹൈകോടതിയില്‍ ആവശ്യപ്പെട്ട് അപ്പീല്‍ നല്‍കി. തന്ത്രിക്കെതിരെ തെളിവിന്റെ കണിക പോലുമില്ലെന്നത് ഉള്‍പ്പടെയുള്ള കൊല്ലം വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. തന്ത്രിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. തന്ത്രിക്കെതിരെ തെളിവുകള്‍ ഉണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.
