Breaking News

ശബരിമല യുവതീ പ്രവേശനം: ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍; വൈകിട്ട് മന്ത്രിസഭായോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും

Spread the love

ശബരിമല യുവതി പ്രവേശനത്തില്‍ ആചാര സംരക്ഷണത്തിന് അനുകൂലമായ നിലപാടെടുക്കാന്‍ സര്‍ക്കാര്‍. വൈകിട്ട് മന്ത്രിസഭായോഗത്തിലാകും നിര്‍ണായക തീരുമാനം. ഇതിനുമുമ്പ് എല്‍ഡിഎഫിലെ ഘടകക്ഷികളുമായി ആശയവിനിമയം നടത്തും. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കുകയാണ്. വിവിധ സാമുദായിക സംഘടനകള്‍ ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ മുന്‍ നിലപാട് തിരുത്തുമെന്ന പ്രതീക്ഷ പങ്കുവച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വലിയ ചര്‍ച്ചാ വിഷയമാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞ പശ്ചാത്തലത്തില്‍ യുവതീ പ്രവേശനത്തിലെ സര്‍ക്കാര്‍ നിലപാടും അതീവ നിര്‍ണായകമാണ്.

മാര്‍ച്ച് 14നകം നിലപാടറിയിക്കാനാണ് സുപ്രിംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റും വിഷയം ചര്‍ച്ച ചെയ്തിരുന്നു. ആചാര സംരക്ഷണത്തിന് മുന്‍ഗണന നല്‍കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ പ്രതികരണങ്ങളില്‍ ഉള്‍പ്പെടെ സൂചനയുണ്ടായിരുന്നു. യുവതീ പ്രവേശനത്തിന് അനുകൂലമായ വിധി വന്നപ്പോള്‍ അത് നടപ്പിലാക്കാന്‍ മുന്നില്‍ നിന്ന സര്‍ക്കാരാണ് ഒന്നാം പിണറായി സര്‍ക്കാര്‍. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ആ നിലപാടില്‍ നിന്ന് പിന്നോട്ടുപോകുകയാണെന്നാണ് വരുന്ന സൂചനകള്‍.

You cannot copy content of this page