Breaking News

‘എല്‍പിജിയുടെ പേരില്‍ രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു’: പ്രധാനമന്ത്രി

Spread the love

ന്യൂഡല്‍ഹി: എല്‍പിജി പ്രതിസന്ധിയുടെ പേരില്‍ രാജ്യത്ത് ചിലര്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ സ്വയം തുറന്നുകാട്ടുകയാണെന്നും അവര്‍ രാജ്യത്തെ ജനങ്ങളെ വേദനിപ്പിക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചുവരികയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സാഹചര്യം മുതലെടുത്ത് ഉല്‍പ്പന്നങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ചിലര്‍ എല്‍പിജിയെക്കുറിച്ച് പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ ജനങ്ങളുടെ മുന്നില്‍ സ്വയം തുറന്നുകാട്ടുകയാണ് ചെയ്യുന്നത്. പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ട് രാജ്യത്തെ ജനങ്ങളെ അവര്‍ ദ്രോഹിക്കുകയാണ്. ഈ പ്രതിസന്ധിയെ നേരിടുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും യുവാക്കള്‍ക്കും അത് നഗരങ്ങളിലായാലും ഗ്രാമങ്ങളിലായാലും നിര്‍ണായക പങ്കാണ് വഹിക്കാനുളളത്’: നരേന്ദ്രമോദി പറഞ്ഞു.

ആഗോളപ്രതിസന്ധിക്കിടയിലും ലോക നേതാക്കള്‍ ഇന്ത്യയെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്നും ഇത് ഇന്ത്യയുടെ ഉത്തരവാദിത്തം ഉയര്‍ത്തുകയാണെന്നും മോദി പറഞ്ഞു. ഭാവിയുടെ ഭാഗമാകണമെങ്കില്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കണമെന്ന് ലോകത്തിനറിയാം. ഒരേയൊരു ലക്ഷ്യമേയുളളു. അത് വികസിത ഇന്ത്യയാണ്. ഇന്ത്യ പുരോഗമിക്കുക മാത്രമല്ല, അടുത്ത ഘട്ടത്തിലേക്ക് പോവുക കൂടിയാണ്. ലോകം ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ഇന്ത്യ സ്ഥിരതയിലേക്ക് മുന്നേറുകയാണ്. ലോകത്തിന്റെ മുഴുവന്‍ ഗുരുത്വാകര്‍ഷണ കേന്ദ്രമായി ഇന്ത്യ മാറുകയാണെന്ന് നിരവധി ലോക നേതാക്കളാണ് പറയുന്നത്’; നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

You cannot copy content of this page