തെഹ്‌റാൻ: ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വീടിനുള്ളിൽ തന്നെ കഴിയണമെന്നും എംബസിയുടെ കർശന നിർദേശം നൽകിയിട്ടുണ്ട്. 9,000 ഇന്ത്യക്കാരാണ് ഇറാനിനുള്ളത്. ഭൂരിഭാഗവും ജമ്മു കശ്മീർ, യുപി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ്.
ഇറാനിലെ രണ്ട് നഗരങ്ങളിലായാണ് വിദ്യാർത്ഥികൾ തങ്ങുന്നത്. തുടരെ ആക്രമണങ്ങൾ ഉണ്ടാകുന്ന തെഹ്‌റാനിലും, തലസ്ഥാനത്ത് നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഖോം എന്നിവിടങ്ങളിലുമാണത്. യുഎസ് ഇസ്രയേൽ ആക്രമണങ്ങൾ നടക്കുന്നതിനാൽ ഫെബ്രുവരി 28 മുതൽ ഇറാൻ വ്യോമപാത അടച്ചിട്ടിരിക്കുകയാണ്. നാട്ടിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നവർക്ക് അയൽരാജ്യമായ അർമേനിയ, തുർക്ക്‌മെനിസ്ഥാൻ എന്നിവടങ്ങളിലേക്ക് കരമാർഗത്തിൽ എത്തിച്ച ശേഷം അവിടെ നിന്നും ഇന്ത്യയിലേക്ക് വിമാനമാർഗം എത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
തുർക്ക്‌മെനിസ്ഥാൻ അതിർത്തിയിൽ അധികമായി നിരവധി ചെക്ക്‌പോയിന്റുകൾ തുറന്നിട്ടുണ്ട്. ഇറാനിൽ നിന്നും വിദേശപൗരന്മാർക്ക് സ്വദേശത്തേക്ക് മടങ്ങാനായാണ് പ്രധാനമായും ഇത് സജ്ജീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇറാന് നേരെയുള്ള ആക്രമണങ്ങൾ കടുപ്പിക്കുമെന്നാണ് പീറ്റ് ഹേഗ്‌സേത്ത്(അമേരിക്കൻ സെക്രട്ടറി ഒഫ് വാർ) അറിയിച്ചിരിക്കുന്നത്.
ഇറാൻ തലസ്ഥാനത്ത് നിന്നും ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് ചൊവ്വാഴ്ച ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. ഇവർ ഖോമിലെത്തിയപ്പോൾ വൻ സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടതായി വിദ്യാർത്ഥികൾ പറയുന്നു. വിദ്യാർത്ഥികളെ കൂടാതെ ഇറാനിൽ ചില ഇന്ത്യൻ നാവികർ, ഇസ്ലാമിക പഠനത്തിനും തീർത്ഥാടനത്തിനും ഇവിടെ എത്തിയ ഒരു വിഭാഗം ഷിയാ മുസ്‌ലിങ്ങളും ഇറാനിലുണ്ട്. അതേസമയം ഇറാനിൽ തന്നെ തുടരാൻ തീരുമാനിച്ച ചില വിദ്യാർത്ഥികൾ മാത്രമാണ് ഇനി ഇറാനിലുള്ളതെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി ജയ്ശങ്കറും ഇറാൻ പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും സർക്കാർ പ്രദേശത്തെ സംഭവവികാസങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും വിദേശകാര്യ വക്താവ് രൺദീർ ജെയ്‌സ്വാൾ വ്യക്തമാക്കി.
