പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്. സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകുമെന്ന് വി ഡി സതീശൻ ട്വന്റിഫോറിനോട് പറഞ്ഞു. പുതുയുഗ യാത്ര ജനം ഏറ്റെടുത്തു. യുഡിഎഫ് കേരളത്തെ പുനർനിർമ്മിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.
പുതുയുഗ യാത്രയിൽ 10000 കണക്കിന് വോട്ടിന് തോറ്റ കണ്ണൂരിലെ മണ്ഡലങ്ങളിൽ പോലും കണ്ടത് ജനപ്രളയമാണെന്ന് വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് കേരളത്തെ പുനർ നിർമ്മിക്കുമെന്നാണ് ജാഥയിൽ പറഞ്ഞത്. ഒരു പ്രസ്ഥാനം തിരഞ്ഞെടുപ്പിന് മുൻപ് ഇത്ര വലിയ ഗൃഹപാഠം ചെയ്യുന്നത് ഇന്ത്യൻ ചരിത്രത്തിലാദ്യമാണ്. വർഗീയതക്കെതിരെയുള്ള അതിശക്തമായ പോരാട്ടം നടന്നു. യാത്രയിൽ ഗ്രൂപ്പുകൾ അപ്രസക്തമായി, കണ്ടത് ടീം യുഡിഎഫിനെയാണെന്ന് വിഡി സതീശൻ പറഞ്ഞു.
പേരാമ്പ്ര മണ്ഡലത്തിലെ വിവാദത്തിലും വിഡി സതീശൻ പ്രതികരിച്ചു. ഷാഫി പറമ്പിൽ സദസ്സിൽ നിന്ന് സ്നേഹപൂർവം മാറ്റിയതാണ്. ഇപ്പോഴത്തെ കാലത്ത് ഇതൊക്കെ വലിയ വാർത്തയാണ്. അതിനെക്കാൾ വലിയ വാർത്തകൾ ഗോവിന്ദൻ മാസ്റ്ററുടെ ജാഥയിൽ ഉണ്ടായിരുന്നല്ലോയെന്ന് അദേഹം ചോദിച്ചു. ഒരു വൃദ്ധനായ മനുഷ്യനെ എൽഡിഎഫ് ബലിയാട് ആക്കിയല്ലോയെന്നും അദേഹം പറഞ്ഞു.
കണ്ണൂർ ആരോഗ്യമന്ത്രിയുടെ നാടകം ഉണ്ടായിരുന്നുവെന്ന് വിഡി സതീശൻ പരിഹസിച്ചു. അങ്ങനെയൊന്നും യുഡിഎഫ് ജാഥയിൽ ഉണ്ടായില്ല. ജാഥ വലിയ മാറ്റത്തിന്റെ സൂചനയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ഈ യാത്ര നൽകിയ ആവേശം നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ട്. എല്ലാ സ്ഥലങ്ങളിലും പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.
