Breaking News

സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ച സംഭവം; വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പിന് കൈമാറിയേക്കും

Spread the love

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരായ ചികിത്സ പിഴവ് ആരോപണത്തില്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യവകുപ്പിന് കൈമാറിയേക്കും. എസ്എടി ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാരാണ് ചികിത്സ പിഴവ് പരാതി അന്വേഷിക്കുന്നത്. കഴിഞ്ഞദിവസം ജില്ലാ ആശുപത്രിയിലെത്തി അമ്മയുടെയും അച്ഛനെയും മൊഴി സംഘം രേഖപ്പെടുത്തിയിരുന്നു.ചികിത്സ വൈകിപ്പിച്ചു, നേരത്തെ രോഗിയുടെ ഗുരുതരാവസ്ഥ മനസിലാക്കിയില്ല, കൈക്കൂലി വാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ മാതാപിതാക്കള്‍ അന്വേഷണസംഘത്തോട് ആവര്‍ത്തിച്ചിട്ടുണ്ട്. ആരോപണ വിധേയയായ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ബിന്ദു സുന്ദറിനെയും വിദഗ്ധസമിതി കേട്ടിരുന്നു. പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ ഡോക്ടറെ കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡോക്ടര്‍ക്കെതിരെ കൂടുതല്‍ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മെഡിക്കല്‍ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പോലീസിന് കൈമാറിയതിനുശേഷം ആയിരിക്കും മറ്റ് നിയമപരമായ നടപടികള്‍ ഉണ്ടാവുക.

സംഭവത്തില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെ തുടര്‍ന്നാണ് നെടുമങ്ങാട് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ക്കെതിരെയാണ് കേസെടുത്തത്.

ഇതിന് മുന്‍പും ബിന്ദു സുന്ദറിനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നിട്ടും ശക്തമായ നടപടി ഇവര്‍ക്കെതിരെ വകുപ്പ് എടുത്തിരുന്നില്ല. എന്നാല്‍ കുഞ്ഞിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായതോടെ ഡോക്ടറെ ആദ്യം വകുപ്പ് സ്ഥലം മാറ്റം നല്‍കിയത്. എന്നാല്‍ പ്രതിഷേധം വീണ്ടും ശക്തമായതോടെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രസവ ശാസ്ത്രക്രിയക്കിടെ തിരുവനന്തപുരം പാലോട് സ്വദേശിയായ നിരഞ്ജനയുടെ കുഞ്ഞ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍വെച്ച് മരണപെട്ടത്.

You cannot copy content of this page