Breaking News

നാനോ ബനാന പ്രോയും സോറ എഐയും ഉപയോഗിക്കുന്നവര്‍ക്ക് ഇരുട്ടടി, പരിധി നിശ്ചയിച്ച് കമ്പനികള്‍; കാരണമിത്

Spread the love

കാലിഫോര്‍ണിയ: ഗൂഗിളിന്‍റെ എഐ ടൂളുകൾ ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നാനോ ബനാന പ്രോ ഉപയോഗിച്ച് ആളുകൾ പുതിയ ഫോട്ടോകൾ സൃഷ്‌ടിക്കുന്നു. അതുപോലെ ഓപ്പൺഎഐയുടെ സോറ എഐ മോഡൽ ഉപയോഗിച്ചുള്ള വീഡിയോ ജനറേഷനും ജനപ്രിയമാണ്. എന്നാൽ ഇപ്പോൾ സൗജന്യമായി ഈ ടൂളുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഒരു ഷോക്ക് നൽകിയിരിക്കുകയാണ് ഗൂഗിളും ഓപ്പൺഎഐയും. ‘നാനോ ബനാന പ്രോ’, ‘ജെമിനി 3 പ്രോ’ എന്നിവയുടെ സൗജന്യ ഉപയോക്താക്കൾക്ക് ഗൂഗിളും സോറ എഐ ഉപയോക്താക്കൾക്ക് ഓപ്പൺഎഐയും ഉപയോഗത്തിന് പരിധി ഏർപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

എന്തിനാണ് എഐ കമ്പനികള്‍ പരിധി ഏർപ്പെടുത്തിയത്?
അമിതമായ ഡിമാൻഡും കമ്പ്യൂട്ടിംഗ് ബുദ്ധിമുട്ടും ചൂണ്ടിക്കാട്ടിയാണ് ഉപയോഗ പരിധികൾ ഏർപ്പെടുത്തുന്നതിന് എഐ കമ്പനികള്‍ക്ക് അടിയന്തര നീക്കം എന്നാണ് റിപ്പോർട്ടുകൾ. ഇനി മുതൽ ആളുകൾക്ക് നിശ്ചിത പരിധിക്കുള്ളിൽ മാത്രമേ ഫോട്ടോകളും വീഡിയോകളുമൊക്കെ ഈ എഐ ടൂളുകള്‍ വഴി സൃഷ്‌ടിക്കാൻ സാധിക്കൂ. ഗൂഗിളിന്‍റെ നാനോ ബനാന പ്രോയുടെ സൗജന്യ ഉപയോക്താക്കൾക്ക് ഇനി ഒരു ദിവസം രണ്ട് ഫോട്ടോകൾ മാത്രമേ സൃഷ്‍ടിക്കാൻ സാധിക്കുകയുള്ളൂ. മുമ്പ് ഈ പരിധി പ്രതിദിനം മൂന്ന് ഫോട്ടോകളായിരുന്നു. അതുപോലെ, ജെമിനി 3 പ്രോയുടെ സൗജന്യ ഉപയോഗവും പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത്, ഇതിൽ സബ്‌സ്‌ക്രൈബ് ചെയ്യാത്തവർക്ക് ജെമിനിയോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ കഴിയില്ല.

ഭീമമായ കമ്പ്യൂട്ടേഷന്‍ ആവശ്യങ്ങള്‍ എഐ കമ്പനികള്‍ക്ക് പരിമിതി
അതേസമയം ഓപ്പൺഎഐയുടെ സോറ എഐ മോഡൽ ഉപയോഗിച്ചുള്ള വീഡിയോ ജനറേഷനിൽ നിയന്ത്രണങ്ങൾ ഉടനടി പ്രാബല്യത്തിൽ വരും. പ്ലാറ്റ്‌ഫോമിന്‍റെ ഭീമമായ കമ്പ്യൂട്ടേഷണൽ ആവശ്യകതകൾ ചൂണ്ടിക്കാട്ടി, ഓപ്പൺഎഐയിൽ സോറയുടെ തലവനായ ബിൽ പീബിൾസ് വീഡിയോ ഉപയോഗത്തിൽ കർശനമായ വെട്ടിക്കുറവ് പ്രഖ്യാപിച്ചു. സൗജന്യ ഉപയോക്താക്കൾക്ക് ഇപ്പോൾ പ്രതിദിനം ആറ് വീഡിയോ ജനറേഷനുകളായി പരിമിതപ്പെടുത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഒരു ഉപയോക്താവിന് എഐ സൃഷ്‌‌ടിച്ച ഒരു ഫോട്ടോ ലഭിക്കുമ്പോഴോ ഒരു ചോദ്യം ചോദിക്കുമ്പോഴോ എഐ ഉപകരണങ്ങളുടെ ജിപിയുവിൽ ലോഡ് ഉണ്ടാക്കും. ലോഡ് കൂടുതലായിരിക്കുമ്പോൾ, ചോദ്യത്തിന് ഉത്തരം നൽകാനും ഫോട്ടോ സൃഷ്‌ടിക്കാനും സമയമെടുക്കും. ഇത് ഒഴിവാക്കാനാണ് സൗജന്യ ഉപയോഗിത്തിന് പരിധി ഏർപ്പെടുത്താനുള്ള ടെക് ഭീമന്മാരുടെ നീക്കം എന്നാണ് റിപ്പോർട്ടുകൾ.

You cannot copy content of this page