അതിജീവിതയെ അധിക്ഷേപിച്ച കേസ്: രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും, മറ്റ് പ്രതികൾക്ക് നോട്ടീസ് നൽകും

Spread the love

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം കേസിൽ പ്രതി ചേർക്കപ്പെട്ട സന്ദീപ് വാര്യർ, രജിത പുളിക്കൻ, ദീപാ ജോസഫ് എന്നിവർക്കെതിരെയും നടപടിയുണ്ടാകും. ഇവർക്ക് ഹാജരാകാനായി സൈബർ പൊലിസ് നോട്ടീസ് നൽകും. പരാതിക്കാരിക്കെതിരെ മോശം കമന്‍റുകള്‍ ചെയ്തവർക്കെതിരെയും കേസെടുക്കും. പരാതിക്കാരിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാൻ ഫെയ്സ് ബുക്കിനോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണത്തിന്‍റെ ഭാഗമായി രാഹുൽ ഈശ്വറിന്‍റെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലാപ്പ്ടോപ്പിൽ നിന്നാണ് വീഡിയോ അപ്‍ലോഡ് ചെയ്‌തതെന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ ആദ്യമൊഴി. പിന്നീട് ഓഫീസിൽ പരിശോധന നടത്താനിറങ്ങിയപ്പോൾ മൊബൈൽ കൈമാറുകയായിരുന്നു. പരിശോധനയിൽ മൊബൈലിലെ ഒരു ഫോൾഡറിൽ അപ്‍ലോഡ് ചെയ്ത വീഡിയോ പൊലീസ് കണ്ടെത്തി. കേസിൽ നാലു പേരെയാണ് പ്രതിചേർത്തിട്ടുള്ളത്. രഞ്ജിത പുളിക്കൻ, അഡ്വ. ദീപ ജോസഫ്, സന്ദീപ് വാര്യർ, രാഹുൽ ഈശ്വർ. ദീപ ജോസഫ് രണ്ടു പോസ്റ്റുകളിലൂടെ പരാതിക്കാരിയെ അപമാനിച്ചുവെന്ന് പൊലീസ് പറയുന്നു. രാഹുൽ ഈശ്വറെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും പിന്നീട് എആർ ക്യാമ്പിൽ വെച്ച് വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. രാഹുൽ ഈശ്വർ ഉൾപ്പെടെ 4 പേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പൊലീസ് തുടർനടപടികളിലേക്ക് കടന്നത്. കോണ്‍‌ഗ്രസ് നേതാവായ സന്ദീപ് വാര്യരുടേയും രണ്ടു വനിതകളുടേയും അടക്കം യുആർഎൽ ഉൾപ്പെടെ നൽകിയ പരാതിയിലാണ് പൊലീസിന്‍റെ നിർണായക നീക്കം.

You cannot copy content of this page