Breaking News

ക്രൈസ്തവര്‍ സംഘടിതരും വോട്ടുബാങ്കുമെന്ന് തെളിഞ്ഞു; വെള്ളാപ്പള്ളി നടേശന്‍

Spread the love

ചെങ്ങന്നൂര്‍: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റും ബിജെപിയും ഛത്തീസ്ഗഢിലേക്ക് കത്തിച്ചുവിടുകയായിരുന്നുവെന്നും ശിവഗിരിമഠത്തിനു നേരെ അതിക്രമമുണ്ടായപ്പോള്‍ ഒരാളെയും കണ്ടില്ലെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മതം പ്രസംഗിച്ചവര്‍ കേമന്മാരും മതേതരത്വം പ്രസംഗിച്ചവര്‍ തൊഴിലുറപ്പുകാരുമായെന്നും മതംപറഞ്ഞവര്‍ സംഘടിതരും വോട്ടുബാങ്കുമാണെന്ന് തെളിഞ്ഞുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.രാജ്യത്ത് ക്രൈസ്തവര്‍ രണ്ടരശതമാനമേ ഉള്ളൂവെങ്കിലും അവര്‍ സംഘടിതരും വോട്ടുബാങ്കുമാണെന്നു തെളിഞ്ഞു. കന്യാസ്ത്രീകള്‍ അറസ്റ്റിലായപ്പോള്‍ ബിജെപിക്കാര്‍വരെ ഓട്ടമായിരുന്നു. കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകളും ഛത്തീസ്ഗഢിലേക്ക് കത്തിച്ചുവിടുകയായിരുന്നു. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളും സംവാദങ്ങളും കണ്ടാല്‍ മൂന്നാം ലോകമഹായുദ്ധം നടക്കുകയാണെന്നു തോന്നും. ശിവഗിരിമഠത്തിനു നേരെ അതിക്രമമുണ്ടായപ്പോള്‍ ഒരാളെയും കണ്ടില്ല. സമുദായത്തിന്റെ വോട്ടിനു വിലയുണ്ടെന്നു തെളിയിക്കണം. വേലികെട്ടിയാല്‍ പോരാ. ഉണ്ണാനും കഴിയണമെന്നും വെള്ളാപ്പള്ളി പ്രസംഗത്തില്‍ പറഞ്ഞു.വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ മുസ്ലിം ലീഗ് കാണിച്ച വിവേചനത്തിനെതിരെയാണ് നിലമ്പൂരില്‍ പ്രസംഗിച്ചത്. തന്റെ സമുദായത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങളാണ് ചോദിച്ചത്. ഇതു പറഞ്ഞപ്പോള്‍ മതവിദ്വേഷം പടര്‍ത്തുന്നയാളാക്കി. ക്ഷേത്രപ്രവേശനവും സംവരണവും നേടിയെടുത്തതുപോലെ, അവകാശങ്ങള്‍ നേടിയെടുക്കാന്‍ കൂട്ടായ പരിശ്രമം വേണം. രാഷ്ട്രീയ തടവറയില്‍ കിടക്കാതെ പോരാടണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെങ്ങന്നൂര്‍ യൂണിയന്‍ സംഘടിപ്പിച്ച ശാഖാ നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു വെള്ളാപ്പള്ളി.

You cannot copy content of this page