Breaking News

സൈബർ ലോകത്ത് പന്നിക്കശാപ്പ് തട്ടിപ്പ്; ഇരകളാകുന്നതിൽ ഏറെയും വീട്ടമ്മമാരും വിദ്യാർത്ഥികളും തൊഴിൽരഹിതരായ യുവതീയുവാക്കളും; കരുതിയിരുന്നില്ലെങ്കിൽ മുഴുവൻ സമ്പാദ്യവും തട്ടിപ്പുകാർ കൊണ്ടുപോകും

Spread the love

ന്യൂഡൽഹി: സൈബർ ലോകത്ത് പുതിയ രീതികളുമായി തട്ടിപ്പുസംഘങ്ങൾ. ‘പന്നിക്കശാപ്പ്’ തട്ടിപ്പിനെതിരെ ജാ​ഗ്രത വേണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്. തൊഴിൽരഹിതർ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ എന്നിവരെ ലക്ഷ്യമിട്ടാണ് പുതിയ തട്ടിപ്പ് രീതിയുമായി സൈബർ തട്ടിപ്പുസംഘം എത്തുന്നത്. ‘പിഗ് ബുച്ചറിങ് സ്‌കാം’ (പന്നിക്കശാപ്പ് തട്ടിപ്പ്) എന്ന തട്ടിപ്പിലൂടെ വൻ തുകകളാകും സംഘം അടിച്ചെടുക്കുക. പണം തട്ടിയെടുക്കുംമുൻപ് ഇരകളുമായി കഴിയുന്നത്ര അടുപ്പമുണ്ടാക്കുന്ന രീതിയാണ് പന്നിക്കശാപ്പ് തട്ടിപ്പ് അഥവാ ‘പിഗ് ബുച്ചറിങ് സ്‌കാം’.

പന്നികൾക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നൽകി അവസാനം കശാപ്പുചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതുകൊണ്ടാണ് ഇതിന് ഈ പേരുവന്നത്. സൈബർ കുറ്റവാളികൾ ഇരകളുമായി വിശ്വാസം വളർത്തിയെടുക്കും. ക്രിപ്‌റ്റോകറൻസിയുമായി ബന്ധപ്പെട്ട ലാഭകരമായ സ്‌കീമുകളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കും. ആദ്യം ചെറിയ ലാഭം നൽകി ഇരകളുടെ വിശ്വാസം നേടിയെടുത്ത് പിന്നീട് മുഴുവൻ സമ്പാദ്യവും തട്ടിയെടുത്ത് മുങ്ങുന്നതാണ് രീതി.

പന്നിക്കശാപ്പ് തട്ടിപ്പ് 2016-ൽ ചൈനയിലാണ് ആദ്യം റിപ്പോർട്ടുചെയ്യുന്നത്. ഇത്തരം ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകാർ കൂടുതൽ ദുരുപയോഗംചെയ്യുന്നത് സാമൂഹികമാധ്യമങ്ങളായ വാട്സാപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നിവയെയാണെന്നും മന്ത്രാലയത്തിന്റെ റിപ്പോർട്ടിലുണ്ട്. തട്ടിപ്പുതടയാൻ, ഇന്ത്യൻ സൈബർ ക്രൈം കോഡിനേഷൻ സെന്റർ (14 സി) ഗൂഗിളുമായി സഹകരിച്ച് വിവരങ്ങൾ കൈമാറാനും നടപടിയുറപ്പാക്കാനും ശ്രമിക്കുന്നുണ്ട്.

You cannot copy content of this page