താൻ ജന്മം നൽകിയ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടിരിക്കുന്നു എന്ന് വെളിപ്പെടുത്തി യുവതി. കുഞ്ഞിന് കറുപ്പ് നിറമായതിനാലാണ് തന്റെ ഭർത്താവിന് കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച് സംശയം ഉടലെടുത്തതെന്നും യുവതി സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ചൈനയിലെ ഷാങ്ഹായ് സ്വദേശിനിയായ യുവതിയാണ് താൻ കടന്നുപോകുന്ന പ്രതിസന്ധിയെ കുറിച്ച് വെളിപ്പെടുപത്തിയിരിക്കുന്നത്.
മുപ്പത് വയസ്സുകാരി കഴിഞ്ഞയാഴ്ച്ചയാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ, ആ സന്തോഷം സങ്കടത്തിലേക്കാവാൻ നിമിഷനേരം മാത്രമേ വേണ്ടിവന്നൂള്ളൂ. കുഞ്ഞിന്റെ നിറം കറുത്തുപോയെന്ന ഭർത്താവ് ആരോപിക്കുകയും പിതൃത്വം തെളിയിക്കണമെന്ന് യുവതിയോട് ആവശ്യപ്പെടുകയുമായിരുന്നു. ഭർത്താവിൻറെ ആവശ്യം കേട്ടപ്പോൾ യുവതി ഞെട്ടിപ്പോയി. ശസ്ത്രക്രിയ നൽകിയ വേദനയേക്കാൾ വേദനയായിരുന്നു ഭർത്താവ് ഇങ്ങനെയൊരു ആവശ്യം പറഞ്ഞപ്പോഴുണ്ടായതെന്ന് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ യുവതി പറയുന്നു.
താൻ ഇതുവരെ ആഫ്രിക്കയിൽ പോവുകയോ കറുത്ത വർഗക്കാരെ കാണുകയോ ചെയ്തിട്ടില്ല. കുഞ്ഞിന്റെ നിറത്തിൽ ഞാനും അത്ഭുതപ്പെട്ടിരുന്നു. എങ്കിലും ഭർത്താവ് പിതൃത്വം തെളിയിക്കാൻ ആവശ്യപ്പെടുമെന്ന് കരുതിയില്ലെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. ഭർത്താവിന്റെ ആവശ്യത്തെ അംഗീകരിച്ചെങ്കിലും ബന്ധത്തിൽ വിശ്വാസം നഷ്ട്ടപ്പെട്ടുവെന്ന് യുവതി പറയുന്നു. യുവതി ഭർത്താവിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുക കൂടി ചെയ്തതോടെ വിവാഹ ബന്ധംതന്നെ അനിശ്ചിതാവസ്ഥയിലായിരിക്കുകയാണെന്ന് ചൈന ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
