Breaking News

സിദ്ദിഖിന് വീണ്ടും ആശ്വാസം; ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Spread the love

ഡൽഹി: ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം. സുപ്രീം കോടതിയാണ് മുന്‍‌കൂര്‍ ജാമ്യം നല്‍കിയത്. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. കഴിഞ്ഞ ആഴ്ച സിദ്ദിഖിന്റെ ജാമ്യ ഹര്‍ജി പരിഗണിച്ചപ്പോള്‍ നീട്ടി വയ്ക്കണം എന്ന് സിദ്ദിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോഹ്തഗി ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ജാമ്യം നല്‍കിയത്.

പരാതി നല്‍കിയത് എട്ട് വര്‍ഷത്തിന് ശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കണം. പാസ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം എന്ന നിര്‍ദേശമാണ് സുപ്രീം കോടതി നല്‍കിയത്. സിദ്ദിഖിനെ അറസ്റ്റ് ചെയ്‌താല്‍ അപ്പോള്‍ തന്നെ ജാമ്യം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. അതിനാലാണ് അന്വേഷണവുമായി സഹകരിക്കണം എന്ന് കോടതി നിര്‍ദേശിച്ചത്. സിദ്ദിഖിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് സര്‍ക്കാര്‍ വാദം. നിലവില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യത്തിലാണ് നടന്‍.

സര്‍ക്കാരിന് മറുപടിയുമായി സുപ്രീം കോടതിയിൽ സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. യാഥാർത്ഥ്യങ്ങൾ അന്വേഷണം സംഘം വളച്ചൊടിച്ചു. പൊലീസ് തനിക്ക് എതിരെ കള്ളക്കഥകള്‍ മെനയുകയാണെന്നും സിദ്ദിഖ് ആരോപിച്ചിട്ടുണ്ട്.

പോലീസ് പറയുന്നതുപോലെ താൻ മലയാള സിനിമയിലെ ശക്തനായ വ്യക്തി അല്ല. പ്രധാന കഥാപാത്രമായി ചുരുക്കം സിനിമകളിലാണ് അഭിനയിച്ചത്. ചെയ്തതിൽ അധികവും സഹ വേഷങ്ങളാണ്. ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയത്. സിദ്ദിഖ് ഹര്‍ജിയില്‍ പറഞ്ഞു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

You cannot copy content of this page