Breaking News

സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി ബാബ രാംദേവ്; ‘ക്ഷമാപണം ഹൃദയത്തില്‍ നിന്നല്ല’, സത്യവാങ്മൂലം കോടതി തളളി.

Spread the love

ന്യൂഡല്‍ഹി: പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി ആയുര്‍വേദ മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും സഹസ്ഥാപകന്‍ ബാബാ രാംദേവും സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി ക്ഷമാപണം നടത്തി.

എന്നാല്‍ ഉപാധികളില്ലാതെ മാപ്പപേക്ഷിച്ച്‌ ഇരുവരും നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇരുവരോടും നേരിട്ട് ഹാജരാകാന്‍ സുപ്രീംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. വിഷയം കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഏപ്രിൽ 10 ലേക്ക് മാറ്റി. അടുത്ത തീയതിയില്‍ ഇരുവരും ഹാജരാകണമെന്നും ബെഞ്ച് നിര്‍ദ്ദേശം നൽകി.

ഇരുവരും ക്ഷമ ചോദിച്ചെങ്കിലും, ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് പറഞ്ഞാണ് സത്യവാങ്മൂലം കോടതി തള്ളിയത്. ഈ സാചര്യത്തില്‍ നേരിട്ട് ക്ഷമ ചോദിക്കാമെന്ന് ബാബ രാംദേവിന്റെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ രാംദേവിനെ പഠിപ്പിക്കാനില്ലെന്നായിരുന്നു കോടതിയുടെ മറുപടി. പരസ്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പു ലംഘിച്ചതിനെതിരായ കോടതിയലക്ഷ്യ കേസിലാണ് ഇരുവരും സത്യവാങ്മൂലം നല്‍കിയത്. നിയമവാഴ്ചയോട് ബഹുമാനമുണ്ടെന്നും ഭാവിയില്‍ ഇത്തരം പരസ്യങ്ങള്‍ നല്‍കില്ലെന്ന് കമ്പനി ഉറപ്പാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ജീവിതശൈലി രോഗങ്ങള്‍ക്കു വേണ്ടി, ആയുര്‍വേദ ഗവേഷണത്തിന്റെ പിന്‍ബലത്തോടെ പതഞ്ജലി നിര്‍മിക്കുന്ന ഉല്‍പന്നങ്ങള്‍ കഴിച്ച്‌ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഈ രാജ്യത്തെ പൗരന്മാരെ ഉദ്ബോധിപ്പിക്കുക മാത്രമാണു കമ്പനിയുടെ ഉദ്ദേശ്യമെന്ന് ബാലകൃഷ്ണ വ്യക്തമാക്കി.

കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളും അവയുടെ ഔഷധ ഗുണവും സംബന്ധിച്ച കേസില്‍ നല്‍കിയ നോട്ടീസിന് മറുപടി നല്‍കാത്തത് കോടതിയെ ചൊടിപ്പിച്ചിരുന്നു. ഇരുവരോടും നേരിട്ട് ഹാജരാകണമെന്ന് മാര്‍ച്ച്‌ 19ന് കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പതഞ്ജലി പുറത്തിറക്കിയ പരസ്യങ്ങള്‍ രാജ്യത്തെ നിയമങ്ങളെ വെല്ലുവിളിക്കുന്ന രീതിയിലാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് പരാതി ഉന്നയിച്ചത്. അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച്‌ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നുമായിരുന്നു പരാതി. പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി നോട്ടീസ് നല്‍കിയെങ്കിലും ഇവരാരും പ്രതികരിച്ചില്ല. പിന്നീട് കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി മുന്നോട്ട് പോവുകയായിരുന്നു.

You cannot copy content of this page