പാലക്കാട്∙ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും, വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും പവർകട്ടോ ലോഡ്ഷെഡിങ്ങോ ഒഴിവാക്കി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ചൂടു കൂടുന്നതിനാൽ ൈവദ്യുതി ഉപയോഗത്തിൽ 50 മെഗാവാട്ടോളം വർധന ദിവസേന രേഖപ്പെടുത്തുന്നുണ്ട്.
മറ്റ് സംസ്ഥാനങ്ങളുമായി ഏർപ്പെട്ടിരുന്ന കരാറിൽ 200 മെഗാവാട്ടിന്റെ കുറവ് 16ാം തീയതി മുതൽ ഉണ്ടായി. മറ്റൊരു 200 മെഗാവാട്ടിന്റെ കുറവ് 20നും 26നും ഉണ്ടാകാനിടയുണ്ട്. മേയ് മാസംവരെ ഉയർന്ന താപനിലയായിരിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. പവർ എക്സ്ചേഞ്ചിൽനിന്നും കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ബുദ്ധിമുട്ടായതിനാൽ ദീർഘകാല കരാറിൽ ഏർപ്പെടാൻ റഗുലേറ്ററി കമ്മിഷന്റെ അനുമതി തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ഉപയോഗം വീണ്ടും റെക്കോർഡ് തിരുത്തി. വൈദ്യുതി ആവശ്യം ഈ മാസം രണ്ടാം തവണയും 6000 മെഗാവാട്ട് കടന്നു. വെള്ളിയാഴ്ച രാത്രി പീക്ക് സമയത്തെ ആവശ്യം 6013 മെഗാവാട്ടായിരുന്നു. കെഎസ്ഇബി അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നു. 35% വെള്ളം മാത്രമാണ് ഇനി അവശേഷിക്കുന്നത്. 2017 നുശേഷം ഇതേദിവസം അണക്കെട്ടിലെ ജലനിരപ്പ് ഇത്രയും കുറയുന്നത് ഇതാദ്യം.
കനത്ത ചൂടിനെ തുടർന്ന് ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്താം. കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് മുതൽ മുകളിലേക്ക് അനുഭവപ്പെടും.
