Breaking News

‘അധ്യാപിക സൈബർ സെല്ലിൽ പരാതിപ്പെടാൻ ഒരുങ്ങി; തുടർന്ന് ആത്മഹത്യ, നിതിന്റെ മരണത്തിൽ കോളജിന് പങ്കില്ല’

Spread the love

കണ്ണൂർ∙ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ ആരോപണങ്ങളിൽ വിശദീകരണവുമായി അ‍ഞ്ചരക്കണ്ടി ഡെന്റൽ കോളജ്. നിതിൻ രാജിന്റെ മരണത്തിൽ കോളജിന് യാതൊരു പങ്കുമില്ലെന്നും മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടുകയാണെന്നും കോളജ് പുറത്തുവിട്ട നോട്ടിസിൽ പറയുന്നു.

‘നിതിൻ രാജ് മരിക്കുന്ന ദിവസം വരെ കോളജിലെ ഏതെങ്കിലും അധ്യാപകർക്കോ ജീവനക്കാർക്കോ സ്ഥാപനത്തിനോ എതിരായി പരാതി നൽകിയിട്ടില്ല. നിതിൻ രാജ് എടുത്ത ലോണുമായി ബന്ധപ്പെട്ട് കോളജിലെ ഒരു അധ്യാപികയ്ക്ക് നിരന്തരം മെസേജുകളും ഫോൺവിളികളും വരുന്നതിനെക്കുറിച്ച് സംസാരിക്കാനാണ് നിതിനെ പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് വിളിപ്പിച്ചത്. സഹോദരീഭർത്താവായ അശോകനു വേണ്ടിയാണ് ലോൺ എടുത്തത് എന്നാണ് നിതിൻ പറഞ്ഞത്. ലോൺ ഒടുക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കാൻ നിതിന്റെ സഹോദരീഭർത്താവിനെ പ്രിൻസിപ്പാൾ ഫോണിൽ വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ലോൺ ആപ്പിൽ റഫറൻസായി കൊടുത്ത അധ്യാപികയുടെ പേര് അതിൽനിന്ന് ഒഴിവാക്കാൻ പ്രിൻസിപ്പാൾ ആവശ്യപ്പെട്ടു. എന്നാൽ അധ്യാപികയുടെ പേര് നൽകിയത് താനല്ലെന്നായിരുന്നു നിതിന്റെ നിലപാട്. ഇതോടെ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. പരാതി എഴുതാൻ തുടങ്ങിയപ്പോഴാണ് നിതിൻ മുറിയിൽനിന്നു പുറത്തുപോയതും മെഡിക്കൽ കോളജ് കെട്ടിടത്തിനു മുകളിൽനിന്ന് താഴേക്കു ചാടിയതും. ഈ സംഭവത്തിൽ സ്ഥാപനത്തിലെ ആർക്കും പങ്കില്ല–കോളജിന്റെ നോട്ടിസിൽ പറയുന്നു.
കോളജിനു പുറത്തുണ്ടായ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിതിനെതിരെ നടപടികൾ വന്നപ്പോൾ നിതിനെ പരമാവധി സഹായിക്കാനാണ് കോളജ് ശ്രമിച്ചതെന്നും രക്ഷിതാവിനെ വരുത്തി കൗൺസലിങ് നൽകാമെന്ന ഉറപ്പിൽ വിട്ടെന്നും നോട്ടിസിൽ പറയുന്നു. കൗൺസലിങ് നൽകാമെന്ന് നിതിന്റെ രക്ഷിതാവ് കോളജിലും പൊലീസ് സ്റ്റേഷനിലും രേഖാമൂലം എഴുതി നൽകിയിട്ടുണ്ട്. നിതിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായി അധ്യാപകൻ ഡോ.റാമിനെതിരെ ഒരു പരാതികളും കോളജിന് ലഭിച്ചിട്ടില്ല. കോളജും മറ്റ് സ്ഥാപനങ്ങളും നിലനിൽക്കുന്ന വസ്തു കയ്യേറി കൈവശപ്പെടുത്തിയതാണെന്നും ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാൻ ഉത്തരവായിട്ടുണ്ടെന്നും വന്ന വാർത്തകൾ തെറ്റാണെന്നും നോട്ടിസിൽ അവകാശപ്പെടുന്നു.

You cannot copy content of this page