Breaking News

പൊള്ളുന്ന ചൂടിൽ ഉരുകി കേരളം; മാർക്കറ്റിൽ ഗൃഹോപകരണങ്ങൾക്കും പൊള്ളും വില, എസിക്കും ഫ്രിഡ്ജിനും 15 ശതമാനം വരെ വില കൂടും

Spread the love

മധ്യേഷ്യയില്‍ സമാധാനം അകലുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ ഗൃഹോപകരണങ്ങള്‍ക്കുള്ള വിലയും കൂടുന്നു. ഇറാന്‍- അമേരിക്ക സംഘര്‍ഷത്തെത്തുടര്‍ന്ന് അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വോള്‍ട്ടാസ്, ബ്ലൂ സ്റ്റാര്‍, എല്‍ജി തുടങ്ങിയ പ്രമുഖ കമ്പനികളെ വില വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിവിധ ഉപകരണങ്ങള്‍ക്ക് 3 മുതല്‍ 15 ശതമാനം വരെ വില വര്‍ധനവാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

വില കൂടാന്‍ കാരണങ്ങള്‍ ഇവ:
അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതും ഇറാന്‍ തുറമുഖങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കപ്പലുകള്‍ക്ക് മേല്‍ അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തിയതുമാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.

ക്രൂഡ് ഓയില്‍: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി.ലോഹങ്ങളുടെ വില: ചെമ്പിന് 35 ശതമാനവും അലുമിനിയത്തിന് 29 ശതമാനവും വിലയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചത്.

നിര്‍മ്മാണ സാമഗ്രികള്‍: ഗൃഹോപകരണ നിര്‍മ്മാണത്തിന് അത്യാവശ്യമായ എച്ച്.ഡി.പി.ഇ വില മാര്‍ച്ചില്‍ മാത്രം 46 ശതമാനമാണ് ഉയര്‍ന്നത്.

രൂപയുടെ മൂല്യത്തകര്‍ച്ച: രൂപയുടെ മൂല്യം ഇടിയുന്നത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന എസി ഘടകങ്ങളുടെ ചെലവ് വര്‍ധിപ്പിക്കുന്നു.ഏതൊക്കെ ഉപകരണങ്ങള്‍ക്ക് വില കൂടും?
പ്രമുഖ ബ്രാന്‍ഡുകളായ എല്‍ജി, ഹിറ്റാച്ചി തുടങ്ങിയവര്‍ എസികള്‍ക്ക് മാര്‍ച്ചില്‍ തന്നെ 5 മുതല്‍ 7 ശതമാനം വരെ വില വര്‍ധിപ്പിച്ചു. വിവിധ ഉപകരണങ്ങളുടെ ഏകദേശ വര്‍ധന ഇങ്ങനെ:

പ്രതിസന്ധിയെത്തുടര്‍ന്ന് എയര്‍ കണ്ടീഷണറുകളുടെയും റഫ്രിജറേറ്ററുകളുടെയും വിലയില്‍ 5 ശതമാനം മുതല്‍ 15 ശതമാനം വരെയാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

വാഷിംഗ് മെഷീനുകള്‍ വാങ്ങുന്നവര്‍ക്ക് മുന്‍പത്തെക്കാള്‍ 3 ശതമാനം അധികം തുക ചിലവാക്കേണ്ടി വരും.

വേനല്‍ക്കാലത്ത് ഏറെ ഡിമാന്‍ഡുള്ള ഫാനുകളുടെ വിലയില്‍ ഏകദേശം 5 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

വാട്ടര്‍ പ്യൂരിഫയറുകള്‍, വാക്വം ക്ലീനറുകള്‍, എയര്‍ പ്യൂരിഫയറുകള്‍ എന്നിവയ്ക്ക് 5 മുതല്‍ 10 ശതമാനം വരെ വില വര്‍ധിച്ചു.

ഇനിയും കൂടുമോ?

നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ 10 മുതല്‍ 15 ശതമാനം വരെ ഇനിയും വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ബ്ലൂ സ്റ്റാര്‍ മാനേജിംഗ് ഡയറക്ടര്‍ ബി. ത്യാഗരാജന്‍ സൂചിപ്പിച്ചു. കമ്പനികളുടെ പക്കല്‍ നിലവില്‍ 6 മുതല്‍ 8 ആഴ്ചത്തേക്കുള്ള സ്റ്റോക്ക് ഉള്ളതിനാല്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ വലിയ ആഘാതം ഉണ്ടാകില്ല. എന്നാല്‍ 2026 ഏപ്രില്‍ മുതല്‍ തുടങ്ങുന്ന പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വില വര്‍ധനവ് ഉപഭോക്താക്കളെ പൂര്‍ണ്ണമായി ബാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

You cannot copy content of this page