കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ നടപടിയിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് അടക്കമുള്ളവർക്ക് ഡയറക്ടർ ബോർഡ് പദവിയിൽ തുടരാം.
എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സംഭവത്തിൽ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് നടപടി. മാർച്ച് 16നാണ് വെള്ളാപ്പള്ളി അപ്പീൽ സമർപ്പിച്ചത്. എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെയാണ് വെള്ളാപ്പള്ളി നടേശൻ അപ്പീൽ സമർപ്പിച്ചത്. സിംഗിൾ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് കാണിച്ചാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതിൽ സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇടപെടാൻ അധികാരമില്ലെന്നും അപ്പീലിലെ വാദം. യോഗത്തിന്റെ വാർഷിക റിട്ടേണുകൾ സമർപ്പിച്ചിട്ടുണ്ട്. ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പറിൽ സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ല. ഇതിന്റെ പേരിൽ ഡയറക്ടർമാരെ അയോഗ്യരാക്കിയത് നിയമവിരുദ്ധമാണെന്നും അപ്പീലിൽ പറഞ്ഞിരുന്നു.
