Breaking News

പുതിയ മദ്യത്തിന് ജനങ്ങൾ നിർദ്ദേശിച്ച പേരല്ല നൽകുന്നത്; പരാതിക്കാരന് മറുപടി നൽകി സർക്കാർ

Spread the love

തിരുവനന്തപുരം: പാലക്കാട് മലബാർ ഡിസ്റ്റിലറീസിൽ പുതുതായി ഉൽപ്പാദനം ആരംഭിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകുമെന്ന വാർത്തകൾ സർക്കാർ തള്ളി. മദ്യത്തെ മഹത്വവൽക്കരിക്കാനോ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും നികുതി വകുപ്പ് അണ്ടർ സെക്രട്ടറി വ്യക്തമാക്കി. മദ്യ ബ്രാൻഡുകളുടെ പേര് രജിസ്റ്റർ ചെയ്യുന്നത് 1995-ലെ നിയമപ്രകാരമുള്ള ഔദ്യോഗിക നടപടിയാണ്. ഇതിൽ ജനകീയ പങ്കാളിത്തം ഇല്ല. പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കാനോ സമ്മാനങ്ങൾ നൽകാനോ കമ്പനി തീരുമാനിച്ചിട്ടില്ലെന്ന് മാനേജിംഗ് ഡയറക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുതിയ പ്ലാന്റിലെ മദ്യത്തിന് പേര് നൽകാൻ മത്സരം നടത്തുമെന്ന് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നതാണ് വിവാദത്തിന് കാരണമായത്. ഫെബ്രുവരി 21-ന് പ്ലാന്റിന്റെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മദ്യത്തിന് പേരിട്ടതിനും വിപണിയിലെത്തിച്ചതിനുമെതിരെ കൊല്ലം സ്വദേശിയും ഡിസിസി ജനറൽ സെക്രട്ടറിയുമായ എം.എം. സജീവ് കുമാർ നൽകിയ പരാതിയിലാണ് സർക്കാർ ഇപ്പോൾ മറുപടി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സജീവ് കുമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാസ സമരം നടത്തിയിരുന്നു. പുതിയ മദ്യത്തിന് മലബാർ മിസ്റ്ററി എന്ന പേര് നൽകാൻ ആദ്യം ആലോചിച്ചിരുന്നെങ്കിലും, നിയമപരമായ തടസ്സങ്ങളും വിവാദങ്ങളും ഒഴിവാക്കാൻ വകുപ്പ് നേരിട്ട് മിന്നൽ മാജിക് എന്ന പേര് നിശ്ചയിക്കുകയായിരുന്നു.

You cannot copy content of this page