ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ അന്നദാനത്തിന്റെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തിയ സംഭവത്തിൽ നടപടി സ്വീകരിച്ച് ദേവസ്വം ബോർഡ്. തൃക്കരിയൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണറർ ജെ. ജയപ്രകാശിനെയാണ് ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗമാണ് നടപടി സ്വീകരിച്ചത്. ജയപ്രകാശിനെതിരെ ഇ ഡി പ്രോസക്യുഷൻ അനുമതി തേടിയിരുന്നു.ജയപ്രകാശിന്റെയും ഭാര്യ ശ്രീജയുടെയും പേരിലുള്ള 40.48 ലക്ഷം രൂപയുടെ സ്വത്തുക്കൾ നേരത്തെ ഇ.ഡി കണ്ടുകെട്ടിയിരുന്നു. 2018-19 മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിലാണ് ക്രമക്കേട് നടന്നത്. അന്നദാന കരാറുകാരന് ബോർഡ് കൊടുക്കേണ്ടിയിരുന്ന 30 ലക്ഷം രൂപയ്ക്ക് പകരം കരാറുകാരനെ സ്വാധീനിച്ച് ഒന്നരക്കോടി എഴുതിയെടുക്കാനായിരുന്നു ശ്രമം നടത്തിയത്.
ദേവസ്വം ബോർഡ് വിജിലൻസും സംസ്ഥാന വിജിലൻസും നടത്തിയ അന്വേഷണത്തിൽ നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്, ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർമാരായ രാജേന്ദ്രപ്രസാദ്, സുധീഷ്‌കുമാർ, ജൂനിയർ സൂപ്രണ്ട് വാസുദേവൻ നമ്പൂതിരി എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
