Breaking News

ഗുരുവായൂരിൽ കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം; പ്രതി പോലീസ് പിടിയിൽ

Spread the love

ഗുരുവായൂരിൽ കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. നെന്മിനി സ്വദേശി പ്രിഗിലേഷ് ആണ് ഒളിവിൽ കഴിയുന്നതിനിടെ മുംബൈയിൽ നിന്ന് പിടിയിലായത്.പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തി ഇയാളെ വിദഗ്ദ്ധമായി പിടികൂടിയത്. പ്രിഗിലേഷിനെ മുംബൈയിൽ നിന്ന് ഗുരുവായൂരിലേക്ക് എത്തിക്കാനുള്ള നടപടി ക്രമങ്ങൾ ഇതിനകം ആരംഭിച്ചു.

വ്യാപാരി മുസ്തഫയുടെ ആത്മഹത്യാക്കുറിപ്പിൽ ഉൾപ്പടെ പ്രധാനമായും ഇയാളുടെ പേര് പരാമർശിച്ചിരുന്നു. നിസാരത്തുകയുടെ പേരിൽ സ്വന്തം സ്ഥലമടക്കം വ്യാപാരിയിൽ നിന്ന് ഇയാൾ എഴുതി വാങ്ങിയിരുന്നു. കൂടാതെ ലക്ഷകണക്കിന് രൂപ പലിശയായി നൽകിയിട്ടും അതൊന്നും കണക്കിൽപ്പെടുത്താതെ വ്യാപാരിയെ ഇയാൾ നിരന്തരമായി ഭീഷണിപ്പെടുത്തുകയായിരുന്നു. 20 % നിരക്കിൽ കൊള്ളപ്പലിശ വാഗ്ദാനം ചെയ്തായിരുന്നു ഇയാൾ പണം പലിശയ്ക്ക് നൽകിയിരുന്നത്.

വ്യാപാരിയുടെ ആത്മഹത്യയിൽ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പൊലീസ് നടപടി. പ്രിഗിലേഷിൻ്റെ വീടിൻ്റെ പൂട്ടു പൊളിച്ച് നടത്തിയ പൊലീസ് പരിശോധനയിൽ വീട്ടിൽ നിന്നും രണ്ട് കാറുകളും മുദ്രപത്രങ്ങളും ആധാരങ്ങളും പിടിച്ചെടുത്തു. പണം പലിശയ്ക്ക് നൽകിയ ദിവേകിന്റെ വീട്ടിൽ നിന്നും മറ്റ് വ്യക്തികളുടെ ആർസി ബുക്കുകളും സാമ്പത്തിക രേഖകളും ആണ് പൊലീസ് കണ്ടെടുത്തത്. ഈ ഇടപാടുകളിൽ പൊലീസ് അന്വേഷണം നടത്തും. ഒക്ടോബർ 10നാണ് ഗുരുവായൂർ സ്വദേശി മുസ്തഫ ജീവൻ ഒടുക്കിയത്. 6 ലക്ഷം രൂപ പലിശയ്ക്ക് എടുത്ത മുസ്തഫ നാല്പതു ലക്ഷത്തിലധികം രൂപ അടച്ചിട്ടും പലിശക്കാർ ഭീഷണി തുടരുകയായിരുന്നു.

You cannot copy content of this page