Breaking News

അമേരിക്കയില്‍ ഷട്ട്ഡൗണ്‍ 37ാം ദിവസം; വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചു

Spread the love

ഷട്ട്ഡൗണ്‍ 37ാം ദിവസത്തിലെത്തുമ്പോള്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ വിഭാഗം. എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാര്‍ കൂട്ടമായി അവധിയെടുക്കുന്നതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിലേക്ക് ഏവിയേഷന്‍ വിഭാഗം എത്തിയത്. അന്താരാഷ്ട്ര സര്‍വീസുകളെ ബാധിക്കില്ല എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

40 പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലാണ് ഏയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ അപര്യാപ്തതമൂലം വിമാന സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സര്‍വീസുകളെ നിയന്ത്രണം ബാധിക്കില്ല എന്ന് അറിയിച്ചെങ്കിലും ചില വിമാന കമ്പനികള്‍ അന്താരാഷ്ട്ര സര്‍വീസുകളും ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്. നേരത്തേ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റാന്‍ സാധിക്കുമെന്നും അല്ലാത്തപക്ഷം പൂര്‍ണമായും ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്നും ഏവിയേഷന്‍ വിഭാഗം അറിയിച്ചു. നിയന്ത്രണം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. നിയന്ത്രണം ഏര്‍പ്പെടുത്തിയ വിമാനത്താവളങ്ങളില്‍ തിരക്കേറിയ വിമാനത്താവളങ്ങളും ഉണ്ട്.

ലോകത്തെ ഏറ്റവും തിരക്കുള്ള ജോര്‍ജിയയിലെ ഹാര്‍ട്‌സ്ഫീല്‍ഡ് ജാക്‌സണ്‍ അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്താവളവും നിയന്ത്രണമേര്‍പ്പെടുത്തിയവയില്‍ ഉള്‍പ്പെടും. ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളം, ചിക്കാഗോ ഓ ഹെയര്‍, ഡല്ലാസ് ഫോര്‍ട്ട് വര്‍ത്ത് അന്താര്ഷ്ട്ര വിമാനത്താവളം, ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എന്നീ ലോകത്തെ ഏറ്റവും തിരക്കേറിയ അഞ്ച് വിമാനത്താവളങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തിയവയില്‍ ഉള്‍പ്പെടും. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ബജറ്റ് പാസാകാത്തതിനെ തുടര്‍ന്നാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഷട്ട്ഡൗണിലേക്ക് അമേരിക്ക നീങ്ങിയത്.

You cannot copy content of this page